X

ലോയയുടെ ദുരൂഹമരണം: റിവ്യൂ ഹരജിയും സുപ്രീംകോടതി തള്ളി

ബോംബെ ലോയേഴ്സ് അസോസിയേഷനാണ് കേസിൽ റിവ്യൂ ഹരജി നൽകിയത്.

ജഡ്ജ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന റിവ്യൂ ഹരജി സുപ്രീംകോടതി തള്ളി. ഏപ്രിൽ മാസത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ നാലംഗ ബെഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനു പിന്നാലെയാണ് റിവ്യൂ ഹരജി പോയത്.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കുറ്റാരോപണം നേരിടുന്ന സൊഹ്രാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഉറച്ച നിലപാടുകളെടുത്ത ജഡ്ജിയായിരുന്നു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ജസ്റ്റിസ് ലോയ. കേസിൽ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരിക്കെയാണ് മരണം സംഭവിച്ചത്.

ഏപ്രിൽ 19നാണ് അന്വേഷണം വേണമെന്ന ഹരജി ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് തള്ളിയത്. റിവ്യൂ ഹരജി തള്ളിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെയാണ്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് മറ്റംഗങ്ങൾ.

ബോംബെ ലോയേഴ്സ് അസോസിയേഷനാണ് കേസിൽ റിവ്യൂ ഹരജി നൽകിയത്. സ്വാഭാവിക കാരണങ്ങളാണ് ലോയയുടെ മരണത്തിന് കാരണമായതെന്ന് ലഭ്യമായ പ്രമാണങ്ങൾ പറയുന്നുണ്ടെന്ന് ദീപക് മിശ്രയുടെ ബഞ്ച് വ്യക്തമാക്കി.

ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഹരജിക്കാർ ശ്രമിക്കുന്നതെന്ന തുറന്ന ആക്രമണവും ഏപ്രിൽ 19ലെ വിധിയിൽ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തോടൊപ്പം പ്രസ്തുത പരാമർശവും നീക്കിക്കിട്ടണമെന്ന് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. അന്നത്തെ വിധിപ്രസ്താവം നീതിയുടെ തെറ്റായ നിർവ്വഹണമോ, പൂർണമായോ നിഷേധമോ ആണെന്നും വാദമുണ്ടായി. നീതിനിർവ്വഹണം നടത്തുന്ന ഏതൊരു ജഡ്ജിക്കുമൊപ്പം, അവരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ നിലകൊള്ളുമെന്ന് ഉറപ്പിക്കുകയായിരുന്നു തങ്ങളെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ചുള്ള വിശ്വാസം ഉറപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിശദീകരിക്കപ്പെട്ടു.

This post was last modified on August 1, 2018 12:40 pm

Related Post
Leave a Comment