X

രാഹുല്‍ ഗാന്ധി പോണ്‍ കണ്ടോ? സംഘപരിവാറിന്റെ ഫോട്ടോഷോപ്പിന് വിശ്രമമില്ല

'യോഗി സര്‍ക്കാര്‍' എന്ന പേരില്‍ ഫേസ്ബുക്കിലുള്ള ഒരു ഗ്രൂപ്പില്‍ പ്രചരിക്കുന്ന ചിത്രമാണിത്. മൂന്ന് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ നിന്നും ഇതിനോടകം 8000-ത്തലധികം പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകഴിഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഫോട്ടോഷോപ്പ് പ്രചാരണമുമായി വീണ്ടും സംഘപരിപാര്‍. തന്റെ തിരക്കുകള്‍ക്കിടെ കിട്ടിയ അവസരത്തില്‍ അശ്ലീല ചിത്രം ആസ്വദിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുന്ന വിധത്തിലുള്ള ഫോട്ടോഷോപ്പ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

‘യോഗി സര്‍ക്കാര്‍’ എന്ന പേരില്‍ ഫേസ്ബുക്കിലുള്ള ഒരു ഗ്രൂപ്പില്‍ പ്രചരിക്കുന്ന ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ നിന്നും ഇതിനോടകം 8000-ത്തലധികം പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകഴിഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പ്രൊഫൈലാക്കിയ ഗ്രൂപ്പാണ് ‘യോഗി സര്‍ക്കാര്‍’.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാറിന്റെ പുതിയ ഫോട്ടോഷോപ്പ്‌ പ്രചരണം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കയ്യിലെ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന രാഹുലിന്റെ ചിത്രങ്ങളാണ് രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചിരിക്കുന്നത്. നോട്ട് നിരോധനം നിലവില്‍ വന്നതിന് പിറകെ 2016 നവംബര്‍ 11-ന് കയ്യിലുള്ള കറന്‍സി മാറ്റാന്‍ പുലര്‍ച്ചെ ബാങ്കിനു മുന്നില്‍ വരി നിന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ നോട്ട് മാറ്റാനായി ക്യൂവില്‍ നില്‍ക്കുന്ന ചിത്രം അന്നുതന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതോടു കൂടിയാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം വിവിധ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ശക്തമാക്കിയത്. രാഹുലിനെ ‘പപ്പു’ എന്നധിക്ഷേപിച്ചു കൊണ്ടുള്ള പ്രചരണം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് സമയത്ത് പ്രസംഗിച്ച രാഹുല്‍ ഗാന്ധി തന്നെ, സംഘപരിവാര്‍ തന്നെ ‘പപ്പു’ എന്ന് നിരന്തരം അധിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, രാഹുല്‍ ഗാന്ധി പരിചയപ്പെടുന്ന പ്രശസ്തരായ സ്ത്രീകളുമായി കൂട്ടിച്ചേര്‍ത്തുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങളും സംഘപരിവാര്‍ ശാലകളില്‍ വിരിഞ്ഞിരുന്നു.

ബിജെപി ഐടി സെല്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്ന ആരോപണവും ശക്തമാണ്. അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നത് ഭരണപക്ഷത്തെ പ്രകോപിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ HAL-നെ തഴഞ്ഞ്‌ അനില്‍ അംബാനി ഗ്രൂപ്പിന് ഫ്രാന്‍സുമായുള്ള റാഫേല്‍ ജെറ്റ് ഇടപാട് നല്‍കിയ വിഷയത്തില്‍ ശക്തമായ പ്രതികരണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോഴും അക്കാര്യങ്ങള്‍ അദ്ദേഹം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു.

നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ജസ്റ്റിസ് ലോയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും രാഷ്ട്രപതിയെ സന്ദര്‍ശിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ സോണിയ ഗാന്ധിക്കെതിരെയും തുടര്‍ച്ചയായ വ്യക്തിഹത്യ അരങ്ങേറുന്നുണ്ട്. ഇറ്റാലിയന്‍ ബന്ധം ചൂണ്ടിക്കാട്ടി ബിക്കിനി ധരിച്ച സ്ത്രീകളുടെ ശരീരത്തില്‍ സോണിയാ ഗാന്ധിയുടെ തല മോര്‍ഫ് ചെയ്തെടുത്ത ചിത്രങ്ങള്‍ അടക്കാമായിരുന്നു ഇത്.

ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ ചിത്രത്തില്‍ പാകിസ്താന്‍ പതാകയും ചുറ്റിയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. സുഷമയെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു എന്ന വിവരവും പുറത്തു വന്നിരുന്നു.

This post was last modified on August 1, 2018 12:06 pm

Related Post
Leave a Comment