X

നാരദ കോഴക്കേസില്‍ തൃണമൂല്‍-ബിജെപി ഒത്തുകളിയോ? ബംഗാള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം സിപിഎം ശക്തമാക്കുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ വന്‍ ജന പങ്കാളിത്തം

നാരദയുടെ രഹസ്യ കാമറ ഓപ്പറേഷനില്‍ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി സ്വീകരിക്കുന്നതായി തെളിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 18-ന് സിബിഐ പ്രഥമാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാഷ്ട്രീയ ആയുധമാക്കി പശ്ചിമ ബംഗാളില്‍ മടങ്ങി വരവിന് സിപിഎം തയ്യാറെടുക്കുന്നു. സംഭവത്തോടനുബന്ധിച്ച് ഇടതപക്ഷ മുന്നണി കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ വന്‍ജനപങ്കാളിത്തം ഉണ്ടായതാണ് സിപിഎമ്മിന് പുത്തനുര്‍വ് നല്‍കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാ തലസ്ഥാനങ്ങളില്‍ 12 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ റാലികളിലും അപ്രതീക്ഷിതമായി വന്‍ ജനസാന്നിധ്യമാണ് ഉണ്ടായത്.

എഫ്‌ഐആര്‍ ഇടാനുള്ള തീരുമാനം രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നാരോപിച്ച് തൃണമൂല്‍ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ റാലിയില്‍ ജനപിന്തുണ കുറഞ്ഞതും ശ്രദ്ധേയമാണ്. ബിജെപി അനുകൂലികള്‍ നടത്തിയ റാലിയും വേണ്ടത്ര ശ്രദ്ധ നേടിയില്ല.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട വീഡിയോകള്‍ ആധികാരികമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആരോപണം ഉയര്‍ന്ന് ഇത്രയും നാളായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സിബിഐയുടെ മെല്ലപ്പോക്ക് നയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ആയുധമാക്കാനും സിപിഎം ശ്രദ്ധിക്കുന്നുണ്ട്. മമതയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നിലനില്‍ക്കുന്നത് എന്ന് അവര്‍ ആരോപിക്കുന്നു.

34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുമുന്നണിയില്‍ നിന്നും മമത ബാനര്‍ജി അധികാരം പിടിച്ചെടുത്ത ശേഷമുള്ള എല്ലാ തെരിഞ്ഞെടുപ്പുകളിലും സിപിഎമ്മും സഖ്യകക്ഷികളും കനത്ത പരാജയമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പലയിടത്തും അവര്‍ ബിജെപിയുടെ പിന്നില്‍ മൂന്നാം സ്ഥാനത്തുമാണ്. ഈ സഹചര്യത്തിലാണ് പുതിയ ആയുധം മൂര്‍ച്ച കൂട്ടി ഇരുകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്തിക്കൊണ്ട് ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നത്.

തൃണമൂലിന്റെ എംപിമാര്‍ക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി യോഗം ചേരണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തൃണമൂലിന്റെ രാജ്യസഭ എംപി മുകുള്‍ റോയ്, ലോക്‌സഭ എംപിമാരായ സുഗത റോയ്, അപരൂപ പോഡര്‍, സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, കാകോളി ഘോഷ് ദസ്തിദാര്‍ എന്നിവരാണ് ആരോപണം നേരിടുന്നത്. വിഷയത്തില്‍ തൃണമൂലും ബിജെപിയും ഒത്തുകളിക്കുകയാണെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ശാരദ, റോസ് വാലി ചിട്ടി ഫണ്ട് കേസുകളിലെ സിബിഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. പകരം ബിജെപി അവതരിപ്പിക്കുന്ന ജനവിരുദ്ധ ബില്ലുകളുടെ ചര്‍ച്ചാവേളകളില്‍ രാജ്യസഭയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്ന് ഭരണപക്ഷത്തെ സഹായിക്കുകയാണെന്നും യെച്ചൂരി ആരോപിക്കുന്നു.

റാലികളില്‍ വന്‍ജനപിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഇത് വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്ന ചോദ്യം ഇടതുനേതാക്കളെ അലട്ടുന്നുണ്ട്. പ്രത്യേകിച്ചും, 2018ല്‍ നിര്‍ണായകമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നാരദ കേസ് ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യം അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സമീപകാലത്ത് ചില സഹകരണസംഘങ്ങളിലും തൊഴിലാളി യൂണിയനുകളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ സാധിച്ചത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ ബംഗാളിലെ തിരഞ്ഞെടുപ്പുകളുടെ ദീര്‍ഘചരിത്രം നല്‍കുന്ന സൂചനകള്‍ അവര്‍ക്ക് അത്ര പ്രതീക്ഷാനിര്‍ഭരമല്ല. ബലം പ്രയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന രീതിയാണ് ഇടതുകക്ഷികള്‍ ഉള്‍പ്പെടെ ഇവിടെ പൊതുവില്‍ അനുവര്‍ത്തിച്ച് വരുന്നത്. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലാവട്ടെ തങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നവരെ തെരഞ്ഞെടുക്കുന്നതിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അതുകൊണ്ട് തന്നെ ഒരു അഴിമതി ആരോപണം കൊണ്ടുമാത്രം തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ജനമനസിനെ സ്വാധീനിക്കാനാവില്ല.

2016ലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പുറത്തുവന്ന നാരദ ടേപ്പുകള്‍ക്ക് ഫലങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. ശാരദ, റോസ് വാലി ചിട്ടിഫണ്ട് കുംഭകോണത്തിന് ഇരയായ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന ജില്ലകളില്‍ പോലും മമത ജയിച്ചുകയറി. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാത്രമാണ് ടേപ്പുകള്‍ പുറത്തുവന്നതെന്നും മാധ്യമ കോലാഹലം മാത്രമാണ് അപ്പോള്‍ സംഭവിച്ചതെന്നുമാണ് ഇതിന് ഇടതുനേതാക്കള്‍ നല്‍കുന്ന വിശദീകരണം. പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റാന്‍ തങ്ങള്‍ക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നേരെ മറിച്ചാണെന്നാണ് അവരുടെ പക്ഷം. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തന്നെ ശരിവച്ച സാഹചര്യത്തില്‍ അഴിമതി നടന്നു എന്ന കാര്യത്തില്‍ ജനങ്ങളുടെ മനസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ല. കൂടാതെ ആരോപണ വിധേയരെ മമത പരസ്യമായി തന്നെ സംരക്ഷിക്കുന്നതും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ബിജെപി നടത്തിയ രാംനവമി ഘോഷയാത്രയ്ക്ക് ജനങ്ങള്‍ കൂടിയത് പോലും തൃണമൂലിനെതിരായുള്ള അതൃപ്തിയാണെന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തല്‍.

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ തൃണമൂല്‍ അനുവദിക്കില്ലെന്ന് 2011ലെ അനുഭവം വച്ച് അവര്‍ പറയുന്നു. അത്തരം സ്ഥലങ്ങളില്‍ ബിജെപിയായിരിക്കും നേട്ടം കൊയ്യുക. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ എതിരാളികളെ ഭീഷണിപ്പെടുത്തി മത്സരത്തില്‍ നിന്നും പിന്മാറ്റുക എന്ന തന്ത്രം വര്‍ഷങ്ങളായി ഇടതുമുന്നണി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നതാണ്. ഇപ്പോള്‍ ഇതേ തന്ത്രം തന്നെയാണ് മമത എതിരാളികള്‍ക്കെതിരെയും ഉപയോഗിക്കുന്നത്.

ബിജെപിയുടെ പതിവ് പ്രചാരണ പരിപാടിയായ റോഡ് ഷോകള്‍ക്ക് ഇത്തവണ മോദിയെയും അമിത് ഷായെയും പോലുള്ള മുതിര്‍ന്ന നേതാക്കളൊന്നും പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍-ബിജെപി ബാന്ധവത്തെ കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒരു സ്വതന്ത്ര അന്വേഷണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബിജെപി-തൃണമൂല്‍ പങ്കാളിത്തം കേസ് അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയുമായ അബ്ദുള്‍ മന്നന്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് തെരുവിലേക്കിറങ്ങാനാണ് കോണ്‍ഗ്രസിന്റെയും തീരുമാനം.

This post was last modified on May 10, 2017 12:47 pm