X

ഇടുക്കിയിലെ വന്‍ കയ്യേറ്റക്കാര്‍ കണ്ണന്‍ ദേവനും സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സഖറിയയും-റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ

110 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കിയില്‍ അനധികൃതമായി കയ്യേറിയിട്ടുള്ളത്

ഇടുക്കിയിലെ ഏറ്റവും വലിയ കയ്യേറ്റക്കാര്‍ കണ്ണന്‍ ദേവനും സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സഖറിയയും ആണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിട്ടുള്ളത് ഇടുക്കി ജില്ലയില്‍ ആണെന്നും മന്ത്രി പറഞ്ഞു. 110 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കിയില്‍ അനധികൃതമായി കയ്യേറിയിട്ടുള്ളത്. പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സംസ്ഥാനത്ത് ആകെ 377 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരുടെ കൈവശമാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി കഴിഞ്ഞാല്‍ വയനാട് (81 ഹെക്ടര്‍), തിരുവനന്തപുരം (71 ഹെക്ടര്‍) എന്നിവിടങ്ങളിലാണ് വന്‍തോതില്‍ കയ്യേറ്റം നടന്നിട്ടുള്ളത്.

കണ്ണൻ ദേവൻ ഹിൽസ്, സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ സഖറിയാസ് വെള്ളൂക്കുന്നേൽ എന്നിവരെ കൂടാതെ തൃപ്പൂണിത്തുറ സ്വദേശി സിറിൽ പി ജേക്കബ് എന്നൊരാളും വൻതോതിൽ ഭൂമി കൈയേറിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നതെന്നും മന്ത്രി വിശദീകരിച്ചു. പാപ്പാത്തി ചോലയില്‍ ടോം സഖറിയ കയ്യേറി സ്ഥാപിച്ച റവന്യൂ വകുപ്പ് കുരിശ് പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് വലിയ രാഷ്ട്രീയ കോലാഹലമാണ് സ്മസ്ഥാനത്തുണ്ടായത്. കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അതേ സമയം കയ്യേറ്റം വന്‍കിടയാണോ ചെറുകിടയാണോ എന്നു നോക്കാതെ നടപടി സ്വീകരിക്കണം എന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്.

കയ്യേറ്റമൊഴിപ്പിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനും നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

This post was last modified on May 10, 2017 4:41 pm