X

ഇത് സിനിമാക്കഥയല്ല, ഭീതിയുടെ ഈ റിപ്പബ്ലിക്കില്‍ നടന്ന സംഭവമാണ്

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, ഭാര്യ കൌസര്‍ ബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം എങ്ങനെ അട്ടിമറിക്കപ്പെട്ടു

ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി, അവര്‍ക്കു വേണ്ടി എന്തും ചെയ്യാനും അതൊക്കെ മറയ്ക്കാനും ഗുണ്ടകളും പോലീസും അണികളും; വ്യാജ ഏറ്റുമുട്ടല്‍, കൊലപാതക പരമ്പര, സത്യസന്ധമായി ജോലി ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും സ്ഥാലം മാറ്റല്‍, ഉദ്യോഗസ്ഥരുടെ ദുരൂഹ മരണങ്ങള്‍, ഭീതിയുടെയും ഉദ്വേഗത്തിന്റേയും കോടതി ദിനങ്ങള്‍… ബോളിവുഡ് ഗ്യാങ്സ്റ്റര്‍ സിനിമയുടെ കഥയൊന്നുമല്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടന്നതാണ്. ഓരോ ജനാധിപത്യവിശ്വാസിയെയും ഞെട്ടിപ്പിക്കുന്ന ഭീതിയുടെയും നീതി നിഷേധത്തിന്റെയും കഥകളാണ് വിഖ്യാത സൊഹ്‌റാബുദീന്‍ കേസിലെ അഭിഭാഷകര്‍ക്ക് പറയാനുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോര്‍ട്ടലായ ദി ലീഫ്‌ലെറ്റില്‍ ചതിയുടെയും ഭീകരതയുടെയും കഥകള്‍ വിജയ് ഹയര്‍മെത്തും അനൂഭ റസ്‌തോഗിയും തുറന്നെഴുതുന്നു…

ധാരാളം അസ്വാഭാവികതകളും ദുരൂഹതകളും നിറഞ്ഞ കേസാണ് സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കേസ്. മൂന്നു മരണങ്ങളും നിരവധി അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും, ജസ്റ്റിസ്‌റ് ലോയുടെ പെട്ടെന്നുള്ള മരണവും, ബിജെപി പ്രസിഡന്റ് അമിത് ഷാ പോലുള്ള പ്രമുഖ നേതാക്കളുടെ നേരിട്ടുള്ള ഇടപെടലുകളും ഒക്കെ കൊണ്ട് ഈ കേസ് തൊട്ടാല്‍ പൊള്ളുന്ന ഒന്നായിരുന്നു. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കു വേണ്ടി വാദിക്കുമ്പോഴും വ്യാജ ഏറ്റുമുട്ടലിന്റെ ഇരകള്‍ക്കുവേണ്ടി വാദിക്കുമ്പോഴും അഭിഭാഷകര്‍ കുറച്ചൊക്കെ കരുതിയിരിക്കാറുണ്ട്. എന്നാല്‍ ഈ കേസ് അവരുടെ ഏറ്റവും ഭീതി നിറഞ്ഞ സങ്കല്പങ്ങള്‍ക്കും അപ്പുറമുള്ള പ്രത്യാഘാതങ്ങളുണ്ടാക്കിയത്. ഓരോ ദിവസം കഴിയുന്തോറും കേസ് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി വന്നു.

ആരായിരുന്നു ഈ സൊഹ്‌റാബുദീന്‍ ഷെയ്ക്ക്?

സൊഹ്‌റാബുദീന്‍ അന്‍വര്‍ ഹുസൈന്‍ കൊല്ലപ്പെട്ടിട്ട് പതിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 2005 നവംബര്‍ 26-നാണ് സൊഹ്‌റാബുദീന്‍ കൊല്ലപ്പെടുന്നത്. ആ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന് ഇന്നും പല ജനാധിപത്യവാദികളും വിശ്വസിക്കുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ അസ്വാഭാവിക സംഭവങ്ങള്‍ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുമില്ല. തീവ്രവാദ ഗ്രൂപ്പ് ലഷ്‌കര്‍ ഇ-ത്വയ്ബയുമായും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായും സൊഹ്‌റാബുദീന് ബന്ധമുണ്ടെന്നും ഒരു പ്രമുഖ ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമുണ്ട് എന്നും ആരോപിച്ചാണ് ഇയാളെ പോലീസ് തിരഞ്ഞു നടന്നത്. സൊഹ്‌റാബുദീന് മുന്‍പ് തന്നെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാളുടെ കൈവശം മാരകായുധങ്ങള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. സൊഹ്‌റാബുദീന് കൊലപ്പെടുത്താന്‍ ഉദ്ദേശമുണ്ടായിരുന്നെന്ന് പറയപ്പെട്ട പ്രമുഖ നേതാവ് മറ്റാരുമായിരുന്നില്ല; അത് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.

ഗുജറാത്ത് പൊലീസിലെ ആന്റി ടെററിസം സ്‌ക്വഡ് (എ ടി എസ്) ആണ് സൊഹ്‌റാബുദീനെ കൊലപ്പെടുത്തുന്നത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കൗസര്‍ ബിയേയും കൊല്ലപ്പെട്ടുവെന്ന് പിന്നീട് വ്യക്തമായി. ഇവര്‍ ബലാത്സംഗത്തിനും ഇരയായിരുന്നു. ഗുജറാത്ത് പോലീസ് തന്നെ ആയിരിക്കാം ഇവരെ ബലാത്സംഗം ചെയ്തത് എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട മൂന്നാം കൊലപാതകം കേസിലെ സാക്ഷി തുളസീറാം പ്രജാപതിയുടേതാണ്. ഇയാള്‍ 2006 ഡിസംബര്‍ 27-ന് പോലീസ് ഏറ്റുമുട്ടലില്‍ തന്നെ കൊല്ലപ്പെട്ടു. മോദിയുടെ എതിരാളിയായിരുന്ന ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും തുളസീറാം പ്രജാപതിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു.

അസ്വാഭാവികതകളുടെ വിചാരണക്കാലം

സൊഹ്‌റാബുദീന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് വിശദമായി അന്വേഷിക്കാന്‍ സഹോദരന്‍ റുബാബുദ്ദീന്‍ കൊടുത്ത കേസിന്റെ വിചാരണക്കാലമാകെ അസ്വാഭാവികതയുടെ ഇരുള്‍ മൂടിയതായിരുന്നു. കേസില്‍ അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ടു. ഈ കേസ് പരിഗണിച്ച ഒന്നാം ജഡ്ജിയുടെ പെട്ടെന്നുള്ള സ്ഥലം മാറ്റം, രണ്ടാം ജഡ്ജിയുടെ ദുരൂഹ മരണം, മൂന്നാം ജഡ്ജി കുറ്റവാളികളെയെല്ലാം വിട്ടയച്ചുകൊണ്ടുള്ള അസാധാരണ വിധി പുറപ്പെടുവിച്ച സംഭവം എന്നിവയെല്ലാം പരിശോധിച്ചാല്‍ കേസിന്റെ സങ്കീര്‍ണത ഊഹിക്കാവുന്നതേയുള്ളൂ. ആ കേസിലാണ് റുബാബുദിനുവേണ്ടി വാദിക്കാന്‍ വിജയ് ഹേമന്തും അനുഭ റസ്‌തൊഗിയും എത്തുന്നത്. സ്വന്തം ജീവന് വരെ ഭീഷണി ഉണ്ടയേക്കാമെന്ന അറിവോടെ തന്നെയാണ് ഇരുവരും നീതിക്കായുള്ള പോരാട്ടത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ഉള്‍പ്പെട്ട കേസായതിനാല്‍ കൂടുതല്‍ സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേസ് 2012 സെപ്തംബറില്‍ മുംബൈയിലെ സിബിഐക്ക് കൈമാറി. അമിത് ഷാ ഈ കേസിലെ പതിനാറാം പ്രതിയായിരുന്നു. എന്നാല്‍ ഈ കേസ് പരിഗണിക്കുന്ന സമയത്തൊന്നും അമിത് ഷാ ഹാജരായിരുന്നില്ല. അതിനാല്‍ ഈ അഭിഭാഷകര്‍ അമിത് ഷായെ കോടതിയില്‍ ഹാജരാക്കുവാനും തുടര്‍ നടപടികള്‍ക്കുമായി കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ സമയത്ത് കേസ് പരിഗണിച്ചിരുന്ന ജെ ടി ഉത്പറ്റിനെ ഉടനടി പൂനയിലേക്ക് സ്ഥലം മാറ്റി. ഈ അടിയന്തിര സ്ഥലം മാറ്റത്തിന്റെ കാരണം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. 2013 ല്‍ ഈ കേസ് കൈകാര്യം ചെയ്തിരുന്ന ഇജാസ് ഖാന്‍ എന്ന സിബിഐ പ്രോസിക്യൂട്ടറെ അകാരണമായി സ്ഥലം മാറ്റി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിഷേക് അറോറ എന്ന ഉദ്യോഗസ്ഥാനെ ഡെറാഡൂണിലേക്ക് സ്ഥലം മാറ്റി. ആ സമയത്താണ് ഈ കേസിന്റെ ജഡ്ജിയായി ജസ്റ്റിസ്‌റ് ബി എച്ച് ലോയ ചാര്‍ജെടുക്കുന്നത്. അദ്ദേഹം അമിത് ഷായോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

ലോയയുടെ ദുരൂഹമരണം

2014 ഒക്ടോബര്‍ പകുതിയായപ്പോള്‍ റുബാബുദ്ധീന് കോടതിക്ക് വെളിയില്‍ വെച്ച് ചില കുറ്റാരോപിതരില്‍ നിന്നും ഭീഷണിയുണ്ടായി. ഇത് കാണിച്ച് റുബാബുദീന്റെ അഭിഭാഷകര്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കരുതെന്നും അത് അപകടകരമാണെന്നും ജസ്റ്റിസ്‌റ് ലോയയോട് അപേക്ഷിച്ചിരുന്നു. അതേസമയം അമിത് ഷായുടെ വക്കീലന്മാര്‍ ഇദ്ദേഹം ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റാണ്‌, അതുകൊണ്ട് കോടതിയില്‍ ഹാജരാകുന്നതിന് ഇളവുകളും ആവശ്യപ്പെട്ടിരുന്നു. അമിത് ഷായെ ആ വിധത്തില്‍ ഒഴിവാക്കുവാന്‍ കോടതി വിസമ്മതിച്ചു. കോടതിയിലെ ഈ സംഭവ വികാസങ്ങള്‍ക്കു ശേഷം വന്ന ഭീതിദമായ വഴിത്തിരിവ് ജസ്റ്റിസ്‌റ് ലോയയുടെ മരണമായിരുന്നു. 2014 ഡിസംബര്‍ ഒന്നിന് ഹൃദയാഘാതം മൂലം ലോയ മരിച്ചു എന്നാണ് ലോകം അറിയുന്നത്. യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ലാതിരുന്ന ലോയയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത കേട്ട് നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരും തന്നെ നടുങ്ങിപ്പോയി.

പിന്നീട് ജസ്റ്റീസ് ഗോസായി വന്നതോടെ അമിത് ഷാ മോചിപ്പിക്കപ്പെട്ടു. മൂന്നു കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെട്ട അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി യുടെ മുഖമായി ചിരിച്ചു തിളങ്ങി നിന്നു.

ഈ വാര്‍ത്തകളൊന്നും പിന്നീട് ആരിലും അമിതമായ ഞെട്ടല്‍ പോലും ഉണ്ടാക്കിയില്ല. സ്വാഭാവിക സംഭവമെന്നോണം ഇന്ത്യയുടെ മന:സാക്ഷി ഈ സംഭവങ്ങളോട് പൊരുത്തപ്പെട്ടു.

കേസ് പുനഃപരിശോധിക്കാന്‍ റുബാബദ്ദീന്‍ കോടതിയെ സമീപിച്ചു. ആ സമയത് അയാളുടെ ജീവന് വന്‍ ഭീഷണികള്‍ പലയിടത്തുനിന്നായി വന്നിരുന്നു. ഒടുവില്‍ 2015-ല്‍ കേസ് ബോംബേ ഹൈക്കോടതിയിലെത്തിയപ്പോള്‍ താന്‍ ഈ കേസ് പിന്‍വലിക്കുകയാണെന്ന് റുബാബുദ്ദീന് പറയേണ്ടി വന്നു. അന്ന് കോടതിയില്‍ വെച്ച് താന്‍ കേസ് പിന്‍വലിക്കുകയാണെന്നു പറയുമ്പോളുള്ള അയാളുടെ വിളറിയ മുഖം തങ്ങളെ പൊള്ളിച്ചു എന്ന് വിജയ് ഹയര്‍മത്തും അനുഭ റോസ്‌തോഗിയും വേദനയോടെ ഓര്‍ത്തെടുക്കുന്നുണ്ട്. പിന്നീട് റുബാബുദ്ദീന്‍ ഇവരോട് ഈ കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു.

ഈ സമയം ജസ്റ്റിസ്‌റ് ലോയയുടെ കുടുംബം അദ്ദേഹത്തിന്റെ മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാണിക്കുകയും സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുകൂല വിധി പറയുന്നതിന് 100 കോടി വരെ പലരും വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തി.

2018 ഡിസംബര്‍ 21 ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ഇപ്പോള്‍ വിചാരണ നേരിടുന്നത് ചില താഴ്ന്ന റാങ്കിലുള്ള കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണ്. കേസിലെ സാക്ഷികള്‍ ഭൂരിഭാഗം പേരും തന്നെ മൊഴിമാറ്റി പറഞ്ഞു. ലോയയുടെ മരണം സ്വാഭാവികം തന്നെ ആണെന്ന നിലയ്ക്കായി കാര്യങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായി നാലു ജഡ്ജിമാര്‍ക്ക് പത്രസമ്മേളനം നടത്തി ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് പറയേണ്ടി വന്നതിനു പിന്നിലും ജസ്റ്റിസ് ലോയയുടെ മരണം തന്നെയായിരുന്നു.

ഇതൊക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത് തന്നെയാണ്. ഇവിടെ ആര്‍ക്കാണ് നീതി ലഭിച്ചത്? എന്തിന് ഉദ്യോഗസ്ഥാരെയാകെ കാരണമില്ലാതെ സ്ഥലം മാറ്റുന്നു മുതലായ അടിസ്ഥാന കാര്യങ്ങളാണ് ഈ രണ്ട് അഭിഭാഷകരും ഉന്നയിക്കുന്നത്. ആര്‍ക്കാണ് നീതി എന്നത് ഇന്ത്യന്‍ മന:സാക്ഷിക്ക് നേരെ എറിഞ്ഞ പൊള്ളുന്ന ചോദ്യം കൂടിയാണ്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/oGRGLu

This post was last modified on January 6, 2019 10:11 am