ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതതിനെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിലും തുടർന്നുണ്ടായ അക്രമങ്ങളിലും ഇതുവരെ 3493 പേരെ അറസ്റ്റുചെയ്തതായി പോലീസ്. രജിസ്റ്റർചെയ്ത 1286 കേസുകളിലായി 37,979 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അറസ്റ്റിലായ 487 പേരെ റിമാൻഡ് ചെയ്തപ്പോൾ 2795 പേർക്ക് ജാമ്യം ലഭിച്ചതായും പോലീസ് റിപ്പോർട്ടുകൾ പറയുന്നു.
സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുമെന്നും കണ്ണൂർ ജില്ലയിലെ അക്രമസംഭവങ്ങൾ തടയാൻ നനടപടികൾ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഘർഷം നിലനിൽക്കുന്ന അടൂരിലും തലശ്ശേരിയിലും കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. തലശ്ശേരി, ന്യൂമാഹി സ്റ്റേഷനുകൾക്ക് കീഴിൽ ഇന്നും നിരോധനാജ്ഞ തുടരുമെന്നും പോലീസ് അറിയിച്ചു.
അതിനിടെ കണ്ണുരിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്നലെ സർവകക്ഷി യോഗം ചേർന്നു. ഇതിന്റെ ഭാഗമായി മേഖലയിൽ ഒരാഴ്ചത്തേക്ക് പ്രകടനം നടത്തരുതെന്നു തീരുമായി. പ്രകോപനപരമായ നടപടികളിലേക്ക് നീങ്ങരുതെന്നും നേതാക്കൾ പ്രവർത്തകരോട് നിർദേശിച്ചു.
സംസ്ഥാനതത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ കണക്കുകൾ ജില്ല തിരിച്ച്. തിരുവനന്തപുരം സിറ്റി-114, റൂറൽ-98, കൊല്ലം സിറ്റി-40, റൂറൽ-74, പത്തനംതിട്ട-314, ആലപ്പുഴ-296, ഇടുക്കി-218, കോട്ടയം-126, കൊച്ചി സിറ്റി-269, എറണാകുളം റൂറൽ-240, തൃശ്ശൂർ സിറ്റി-199, തൃശ്ശൂർ റൂറൽ-149, പാലക്കാട്-509, മലപ്പുറം-216, കോഴിക്കോട് സിറ്റി-60, കോഴിക്കോട് റൂറൽ-97, വയനാട്-140, കണ്ണൂർ-230, കാസർകോട്-104 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
This post was last modified on January 6, 2019 9:31 am
Leave a Comment