X

നാല് മാസമായി കൂലിയില്ല; പട്ടേൽ പ്രതിമ തൊഴിലാളികള്‍ സമരത്തിലേക്ക്

സന്ദർശകരിലൂടെ 19.47 കോടിയുടെ വരുമാനമുണ്ടായെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചത്.

ഗുജറാത്തിലെ നർമദയില്‍ 3000 കോടി രൂപ ചെലവിട്ട് നിർമിച്ച പട്ടേൽ പ്രതിമയുടെ അനുബന്ധ സംവിധാനങ്ങളിൽ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലി നൽകുന്നില്ലെന്ന് പരാതി. നൂറോളം തൊഴിലാളികൾക്കാണ് കഴിഞ്ഞ നാല് മാസമായി തങ്ങൾ അധ്വാനിച്ചതിന്റെ കൂലി കിട്ടാത്തത്. സംസ്ഥാന സർക്കാര്‍ കൂലി നൽകാൻ വിസമ്മതിക്കുന്നതിനെതിരെ ഇവർ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാസത്തിൽ 8000 രൂപ മുതൽ 10000 രൂപ വരെയാണ് ഈ തൊഴിലാളികൾക്ക് ലഭിക്കുന്നത്. കൂട്ടത്തിൽ ചില സൂപ്പർവൈസിങ് ജോലികൾ ചെയ്യുന്നവർക്ക് 14,000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇവരെല്ലാം കരാർ തൊഴിലാളികളാണ്. ഇക്കാരണത്താൽ തന്നെ കടുത്ത സമരമുറകളിലേക്ക് പോകാൻ ഇവർക്ക് ഭയവുമാണ്. എപ്പോൾ വേണമെങ്കിലും പിരിച്ചുവിടപ്പെടാം എന്ന ഭീതിയോടെയാണ് തൊഴിലാളിൽ തങ്ങൾ അധ്വാനിച്ചതിന്റെ കൂലി ചോദിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പ്രശ്നത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ തിരിക്കാനായി തൊഴിലാളികൾ ഈയിടെ മനുഷ്യശൃംഖല സംഘടിപ്പിച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.

പട്ടേൽ പ്രതിമ വഴി വൻതോതിൽ ലാഭം വരുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ പ്രചാരണം നടത്തുന്നതിനിടെയാണ് തൊഴിലാളികളുടെ ദയനീയസ്ഥിതി വാർത്തയാകുന്നത്. സെക്യൂരിറ്റി ഗാർഡുകൾ, പൂന്തോട്ട പരിപാലകർ, തൂപ്പുകാർ, ലിഫ്റ്റ് തൊഴിലാളികൾ, ടിക്കറ്റ് ചെക്കർമാര്‍ തുടങ്ങിയ തൊഴിലുകളാണ് ഈ തൊഴിലാളികൾ പട്ടേൽ പ്രതിമയുടെ അനുബന്ധ സംവിധാനങ്ങളിൽ ചെയ്യുന്നത്. അപ്ഡേറ്റർ സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ തൊഴിലാളികളെ നിയമിച്ചിട്ടുള്ളത്.

2018 നവംബർ മാസം മുതൽ 2019 ജനുവരി മാസം വരെ പട്ടേൽ പ്രതിമ കാണാനെത്തിയ സന്ദർശകരിലൂടെ 19.47 കോടിയുടെ വരുമാനമുണ്ടായെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചത്. ഇതേ കാലയളവിൽ7,81,349 പേർ സ്ഥലം സന്ദർശിച്ചെന്നും കണ്ണന്താനം അറിയിച്ചു. സർദാർ സരോവർ അണക്കെട്ട് കാണാൻ കഴിഞ്ഞ 5 വർഷത്തിനിടയിൽ എത്തിച്ചേർന്നത് 8,22,009 പേരാണ് എന്നിരിക്കെയാണ് ഈ നേട്ടമെന്നും കണ്ണന്താനം പറയുകയുണ്ടായി. വരുമാനം ഇത്രയധികമുണ്ടായിട്ടും തുച്ഛമായ കൂലിക്ക് തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി.

182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. ഗുജറാത്തിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നായ നർമദയിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 3000 കോടി രൂപ ചെലവിട്ട് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകള്‍ വന്നിരുന്നെങ്കിലും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രതിമാ നിർമാണം പൂർത്തിയാക്കിയത്.

This post was last modified on March 17, 2019 12:21 pm