X

ഞായറാഴ്ചയോടെ ‘ഫാനി’ ശക്തി പ്രാപിക്കും; 1891നു ശേഷം ബംഗാൾ ഉൾക്കടലിൽ വീശുന്ന ശക്തിയേറിയ ചുഴലിക്കാറ്റായേക്കും

അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെടാനിടയുണ്ട്.

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഇതിനകം രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ഞായറാഴ്ച ശക്തി പ്രാപിക്കുമ്പോൾ അത് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ബംഗാൾ ഉൾക്കടലിൽ വീശിയവയിൽ വെച്ച് ഏറ്റവും ശക്തമായ കാറ്റായി മാറിയേക്കാമെന്ന സൂചനകൾ ലഭിച്ചുവെന്ന് സ്കൈമെറ്റ്‌വെതർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ ശക്തി പ്രാപിക്കുകയാണെങ്കിൽ ബംഗാൾ ഉൾക്കടലിൽ 1891നു ശേഷം വീശുന്ന ശക്തിയേറിയ ചുഴലിക്കാറ്റായി മാറും ഫാനി. 2006 ഏപ്രിൽ മാസത്തിലാണ് ഇതിനു മുമ്പ് ശക്തിയേറിയ ചുഴലിക്കാറ്റ് ബംഗാള്‍ ഉൾക്കടലിൽ രൂപം കൊണ്ടത്. ഇതുകൂടാതെ വേറെയും പതിനൊന്ന് ചുഴലിക്കാറ്റുകൾ അതേ മാസത്തിലുണ്ടായി.

ഇന്ത്യൻ കടലുകളിൽ ഏപ്രിൽ മാസത്തിന്റെ ആദ്യത്തിൽ ചക്രവാതങ്ങൾ അങ്ങനെ കാണാറില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ടാംപകുതിയിലും പറയത്തക്ക അളവിൽ ചക്രവാതങ്ങളുണ്ടാകാറില്ല. ഇത്തവണ പതിവ് തെറ്റിയിരിക്കുകയാണ്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ശക്തിയേറിയ ന്യൂനമർദ്ദം രൂപ്പപെട്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കൊളംബോയുടെ കിഴക്ക്-തെക്കുകിഴക്കൻ മേഖലയിൽ 870 കിലോമീറ്റർ അകലെയാണുള്ളത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെടാനിടയുണ്ട്. അടുത്ത 72 മണിക്കൂറിനുള്ളിൽ ശ്രീലങ്കൻ തീരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ സഞ്ചരിച്ച് തമിഴ്നാട്, തെക്കൻ ആന്ധ്ര തീരങ്ങൾ എന്നിവിടങ്ങളിലേക്ക് ചെന്നേക്കാം. ഏപ്രിൽ 29, 30 തിയ്യതികളിൽ ഇത് സംഭവിക്കാനിടയുണ്ട്.

ഒഡിഷ തീരത്തേക്കും ഈ ചുഴലിക്കാറ്റ് അടുത്തേക്കാമെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഇവിടെ പ്രതീക്ഷിക്കുന്നില്ല. മെയ് രണ്ടോടെയാണ് ഇത് സംഭവിക്കുക. ഇതിനിടയിൽ കാറ്റിന്റെ ശക്തി കുറയും.

This post was last modified on April 28, 2019 12:04 pm

Related Post
Leave a Comment