X

ശവകൂടിരമോ ശിവക്ഷേത്രമോ? താജ്മഹലിന്റെ കാര്യത്തില്‍ വ്യക്ത തേടി വിവരാവകാശ കമ്മിഷന്‍

ആഗ്രയില്‍ ഉള്ള മന്ദിരം തേജോ മഹാലയ ആണെന്നു ചരിത്രകാരന്‍മാര്‍ എന്നവകാശപ്പെടുന്ന ചിലര്‍

താജ്മഹല്‍ ഷാജഹാന്‍ നിര്‍മ്മിച്ച ശവകുടീരമാണോ അതോ മുഗള്‍ ചക്രവര്‍ത്തിക്ക് ഒരു രജപുത്ര രാജാവ് സമ്മാനിച്ച ശിവക്ഷേത്രമാണോ എന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചരിത്രകാരന്മാര്‍ എന്ന് അവകാശപ്പെടുന്ന ചിലരുടെ താജ്മഹല്‍ ഒരു ശിവക്ഷേത്രമാണ് എന്ന സമന്തര ആഖ്യാനമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത് സംബന്ധിച്ച് വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഒരു വിവരാവകാശ പരാതിയായി വിഷയം കേന്ദ്ര വിവരാവകാശ കമ്മീഷന്റെ മുന്നില്‍ എത്തിയതോടെയാണ് സാംസ്‌കാരിക മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശവകുടീരത്തെ ചുറ്റിപറ്റി ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ഇതിന്റെ ചരിത്രം സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്നുമാണ് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ഇപ്പോള്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പിഎന്‍ ഓക്ക്, അഭിഭാഷകനായ യോഗേഷ് സക്‌സേന എന്നിവരുടെ തുടര്‍ച്ചയായ ലേഖനങ്ങള്‍ ഉയര്‍ത്തി വിടുന്ന അവകാശവാദങ്ങളുടെ അടിസ്ഥാനത്തില്‍ താജ്മഹലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഉള്‍പ്പെടെയുള്ള ചില കേസുകള്‍ തള്ളിക്കളഞ്ഞപ്പോള്‍ മറ്റ് ചില കോടതികളില്‍ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുകയാണ്. ചില കേസുകളില്‍ കക്ഷിയായ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെയും (എഎസ്‌ഐ) സാംസ്‌കാരിക മന്ത്രാലയത്തിന്റെയും പേരില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങള്‍ എഎസ്‌ഐയുടെ പക്കല്‍ ഉണ്ടാവുമെന്ന് ആചാര്യലു ചൂണ്ടിക്കാണിക്കുന്നു. ഈ വിവരങ്ങള്‍ 2017 ഓഗസ്റ്റ് 30 ന് മുമ്പ് മതിയായ ഫീസ് ഈടാക്കിയ ശേഷം അപേക്ഷകന് നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഗ്രയില്‍ ഉള്ള മന്ദിരം താജ് മഹല്‍ ആണോ അതോ ‘തേജോ മഹാലയ’ ആണോ എന്ന് വ്യക്തമാക്കണമെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ ഒരു ബികെഎസ്ആര്‍ അയ്യങ്കാര്‍ സിഐസിയ്ക്ക് സമര്‍പ്പിച്ചതോടെയാണ് കമ്മീഷന്‍ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. താജ് നിര്‍മ്മിച്ചത് ഷാജഹാനല്ലെന്നും രാജാ മാന്‍ സിംഗ് അദ്ദേഹത്തിന് സംഭാവന ചെയ്തതാണെന്നും പലരും അവകാശപ്പെടുന്നുവെന്നും എഎസ്‌ഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു രേഖകളും തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് എഎസ്‌ഐ അപേക്ഷകനെ അറിയിച്ചത്.

17-ാം നൂറ്റാണ്ടിലെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ വേണമെന്നും സുരക്ഷകാരണങ്ങളാല്‍ അടച്ചിട്ടിരിക്കുന്ന മുറികള്‍ ഉള്‍പ്പെടെയുള്ള രഹസ്യ അറകള്‍ തുറന്നുകാണിക്കണമെന്നും അയ്യങ്കാര്‍ ആവശ്യപ്പെടുന്നു. ഈ വിവരാവകാശ അപേക്ഷ താജ്മഹലിന്റെ ചരിത്രത്തെ സംബന്ധിച്ച ഗവേഷണവും അന്വേഷണവുമാണെന്നും ഇത് വിവരാവകാശ നിയമത്തിന്റെയും എഎസ്‌ഐയുടെയും പരിധിയില്‍ വരുന്നതല്ലെന്നും ആചാര്യലു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരക്ഷകാരണങ്ങളാല്‍ അടച്ചിരിക്കുന്ന മുറികള്‍ തുറന്നുകാണിക്കണമെന്നും ചരിത്ര സ്മാരകമായ താജ്മഹലിന്റെ അടിയില്‍ കുഴിക്കണമെന്നും ഒരു വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെടുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

താജ്മഹലിന്റെ സംരക്ഷിത മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള ഖനനം നടന്നിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്താണ് കണ്ടെത്തിയതെന്നും അപേക്ഷകനെ അറിയിക്കാന്‍ എഎസ്‌ഐയോട് ആചാര്യലു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചരിത്രസ്മാരകം കുഴിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളേണ്ടത് ആധികാരിക യോഗ്യതയുള്ള സ്ഥാപനമാണെന്നും സംരക്ഷിത സ്മാരകം കുഴിക്കുന്നതിനോ അടച്ചിട്ട മുറികള്‍ തുറക്കുന്നതിനോ കമ്മീഷന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘താജ്മഹല്‍: ദ ട്രൂ സ്‌റ്റോറി’ എന്ന തന്റെ പുസ്തകത്തില്‍ താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ശിവക്ഷേത്രമാണെന്നും ഒരു രജപുത്ര രാജാവാണ് ഇത് നിര്‍മ്മിച്ചതെന്നും അവകാശപ്പെട്ടിട്ടുണ്ട്. പിന്നീത് ഇത് ഷാജഹാന്‍ ചക്രവര്‍ത്തി ഏറ്റെടുക്കുകയായിരുന്നുവത്രെ. 2000ല്‍ താജ് മഹലിനെ ഒരു ശിവക്ഷേത്രമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഓക്ക് സുപ്രീം കോടതിയെ സമീപിച്ചെങ്കില്‍ ഹര്‍ജി തള്ളുക മാത്രമല്ല കോടതിയുടെ രൂക്ഷശകാരത്തിനും അദ്ദേഹം പാത്രമായിരുന്നു. താജ് മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയാണ് എന്ന് കാണിക്കുന്ന എഎസ്‌ഐ രേഖകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയുടെ കാര്യവും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയില്‍ വസ്തുതകളെ കുറിച്ചുള്ള വിവാദപരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് ഒരു റിട്ട് പരാതിയുടെ പരിധിയില്‍ വരുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബിഎസ് ചൗഹാനും ദിലീപ് ഗുപ്തയും അടങ്ങുന്ന ബഞ്ച് 2005 ഫെബ്രുവരി 21ന് പരാതി തള്ളിക്കളഞ്ഞിരുന്നു.

 

This post was last modified on August 11, 2017 11:16 am