X

രണ്ട് പുരുഷന്മാര്‍ വിവാഹം ചെയ്തു: ഇന്‍ഡോറില്‍ മഴ ലഭിച്ചു!

ഐപിസി 377 വകുപ്പ് പ്രകാരം സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്

സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമാനുസൃതമാക്കിയിട്ടില്ല. എന്നാല്‍ ഇന്‍ഡോറില്‍ നടന്ന ഒരു പരമ്പരാഗത ചടങ്ങില്‍ രണ്ട് പുരുഷന്മാര്‍ വിവാഹിതരായി. അതേസമയം ഇവര്‍ സമൂഹത്തെ എതിര്‍ക്കാനോ തങ്ങളുടെ പ്രണയം തെളിയിക്കാനോ ചെയ്തതോ അല്ല. മഴയുടെ ദേവനെ പ്രീതിപ്പെടുത്താനുള്ള ഒരു മതപരമായ ചടങ്ങായിരുന്നു ഇത്. മധ്യപ്രദേശിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ മഴ ദേവന്റെ അനുഗ്രഹം ഇതോടെ ലഭ്യമാകുമെന്നാണ് ഈ നാട്ടുകാരുടെ വിശ്വാസം.

സകരാം അഷിവാര്‍, രാകേഷ് അദ്ജന്‍ എന്നിവരാണ് നാടിന് വേണ്ടി വിവാഹിതരായത്. ഇരുവരും ഭാര്യയും കുട്ടികളുമുള്ളവരാണ്. ഹിന്ദു പരമ്പരാഗത രീതി അനുസരിച്ചാണ് ഇരുവരും വിവാഹിതരായത്. തൊഴിലാളികളായ ഇരുവരും തങ്ങളുടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി വിരുന്നൊരുക്കുകയും ചെയ്തു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കുമ്പോഴും മധ്യപ്രദേശില്‍ പ്രത്യേകിച്ചും ഇന്‍ഡോറില്‍ 20 ശതമാനം കുറവ് മാത്രമാണ് മഴ ലഭിച്ചിരിക്കുന്നത്. മഴയുടെ ദൗര്‍ലഭ്യം മൂലം നദികള്‍ വറ്റി വരളുകയും കടുത്ത ജലക്ഷാമം അനുഭവിക്കുകയുമാണ് ഇവിടുത്തുകാര്‍. അതേസമയം വിവാഹ ചടങ്ങുകള്‍ ആരംഭിച്ചതോടെ മഴ പെയ്യാന്‍ ആരംഭിച്ചത് അതിഥികളെ അത്ഭുതപ്പെടുത്തി. ഐപിസി 377 വകുപ്പ് പ്രകാരം സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം നിയമപ്രകാരമാക്കണമെന്ന് വര്‍ഷങ്ങളായി സ്വവര്‍ഗാനുരാഗികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇനിയും അത് കണ്ട മട്ടില്ല.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക