X

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി ‘ദൈവ’മെന്ന് പരസ്യം; ട്രോളുകൾ നിറഞ്ഞതോടെ പിൻവലിച്ചു

ജയലളിതയെ അനുകരിക്കാനുള്ള എടപ്പാടിയുടെ ശ്രമങ്ങൾ മൊത്തം പാളുകയാണ്.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ദൈവമായി ചിത്രീകരിച്ച പരസ്യം പിൻവലിച്ചു. തിയറ്ററുകളിൽ കഴിഞ്ഞ കുറച്ചാഴ്ചകളായി പൊട്ടിച്ചിരിയുയർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും ഈ വീഡിയോ കാരണമായി.

സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നെന്നും പരസ്യചിത്രം ഉടൻ പിൻവലിച്ചുവെന്നും എടപ്പാടി മന്ത്രിസഭയിൽ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഡി ജയകുുമാർ പറഞ്ഞു.

വീൽചെയറിൽ ഒരു യുവതി അമ്പലത്തിലെത്തുന്നതും പൂജാരിയോട് അർച്ചന ചെയ്യാനാവശ്യപ്പെടുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ജോലി കിട്ടിയതു പ്രമാണിച്ചാണ് യുവതി ക്ഷേത്രത്തിലെത്തിയത്. ഭിന്നശേഷിക്കാരായ യുവാക്കൾക്ക് സർക്കാർ ജോലി നല്കുന്നതിന്റെ പരസ്യമാണിത്. ആരുടെ പേരിലാണ് അർച്ചന ചെയ്യേണ്ടതെന്ന് പൂജാരി ചോദിക്കുന്നു. യുവതി തന്റെ പേര് പറയുന്നു. പൂജാരി തിരിഞ്ഞ് ശ്രീകോവിലിലേക്ക് നടക്കുമ്പോൾ യുവതി തന്റെ പേരിലല്ല അർച്ചന വേണ്ടതെന്ന് വിളിച്ചു പറയുന്നു. പിന്നെ ആരുടെ പേരിലാണ് വേണ്ടതെന്ന് പൂജാരി ചോദിക്കുമ്പോൾ ‘സാമി’യുടെ പേരിൽ എന്നുത്തരം. ഏതു സാമി എന്ന പൂജാരിയുടെ ചോദ്യം വരുന്നതോടെ യുവതിയുടെ ആ ബ്രഹ്മാണ്ഡ മറുപടി വരുന്നു: “തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്സാമി!” യുവതി ഇവിടം കൊണ്ടും അവസാനിപ്പിക്കുന്നില്ല. ഈ സാമിയാണ് തനിക്ക് ജോലി തന്നതെന്ന് പ്രഖ്യാപനം നടത്തുന്നു.

ജയലളിത ഇത്തരം പരസ്യങ്ങളിലൂടെയാണ് വളർന്നത്. ഇതിനെ അനുകരിക്കാനുള്ള ശ്രമം എടപ്പാടി ഇടക്കിടെ നടത്തി വരുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുമ്പ് എടപ്പാടി ആഘോഷത്തോടെ ഒരു പ്രതിമാസ്ഥാപനം നടത്തി. ജയലളിതയുടെ പ്രതിമയെന്നാണ് പ്രചരിപ്പിച്ചത്. ജയലളിത എന്ന് പേരു പറയാതെ ‘അമ്മ’ എന്നുമാത്രം പറഞ്ഞു. പ്രതിമയെ മൂടിയ തുണി നീക്കിയപ്പോൾ ജയലളിതയുമായി യാതൊരു സാമ്യവും പ്രതിമക്കില്ല. എടപ്പാടി പളനിസ്വാമിയുടെ ഭാര്യയുമായാണ് പ്രതിമയ്ക്ക് സാമ്യം എന്ന് ആളുകൾ പിന്നീട് തിരിച്ചറിഞ്ഞു. ഇത് വെറുമൊരു സാമ്യമല്ലെന്ന് പ്രതിമ കണ്ടാൽ മനസ്സിലാകും.

എന്തായാലും ജയലളിതയെ അനുകരിക്കാനുള്ള എടപ്പാടിയുടെ ശ്രമങ്ങൾ മൊത്തം പാളുകയാണ്.