X

വീഡിയോ: ദില്ലിയിൽ ഗാങ്ങുകൾ തമ്മില്‍ വെടിവെപ്പ്; വഴിയാത്രക്കാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

കോളജ് പഠനകാലത്തുള്ള ശത്രുതയാണ് ഇരുവരും തമ്മിൽ.

ദില്ലിയിലെ ബുരാരി പ്രദേശത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കുണ്ട്. ഗോഗി ഗാങ്ങിലെയും തില്ലു ഗാങ്ങിലെയും അംഗങ്ങൾ തമ്മിലാണ് വെടിവെപ്പുണ്ടായത്.

രാവിലെ 10.15നാണ് സംഭവം നടന്നത്. ഇരു ഗാങ്ങുകളും തമ്മിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ രണ്ട് വഴിയാത്രക്കാരും ഉൾപ്പെടുന്നു. തങ്ങളുടെ കാറുകൾക്കകത്തിരുന്നാണ് ഇരുകൂട്ടരും വെടിയുതിർത്തത്. ഗാങ്ങിലെ അംഗങ്ങളിലൊരാൾ ജിമ്മിൽ നിന്നിറങ്ങി നടക്കുന്നതിനിടെ ഇയാളെ ലക്ഷ്യം വെച്ച് ഒരു കൂട്ടർ വെടി വെക്കുകയായിരുന്നു. രാജു എന്നയാൾ മാത്രമാണ് കൊല്ലപ്പെട്ടവരിൽ ഗുണ്ടാസംഘാംഗം.

നഗരത്തിലെ അധോലോക ഗുണ്ടകളിലൊരാളായ ജിതേന്ദർ എന്ന ഗോഗിയുടെ ഗാങ്ങും, സുനിൽ എന്ന തില്ലുവിന്റെ ഗാങ്ങും തമ്മിലായിരുന്നു തെരുവുയുദ്ധം. തുല്ലു ഇപ്പോൾ ജയിലിലാണ്. ഗോഗിയുടെ തലയ്ക്ക് 4 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊലീസ് സേന.

കോളജ് പഠനകാലത്തുള്ള ശത്രുതയാണ് ഇരുവരും തമ്മിൽ. കോളജ് ഇലക്ഷനിൽ ഇരുവരും രണ്ടു സംഘടനകളിലായിരുന്നു. ഇലക്ഷനുശേഷം തില്ലു ഗാങ്ങിൽ പെട്ട ദീപക് എന്നയാളെ ഗോഗി ഗാങ് വെടിവെച്ചു കൊന്നു. ഇയാൾക്ക് ഗോഗിയുടെ ഒരു ബന്ധുവുമായി പ്രമബന്ധമുണ്ടായിരുന്നതാണ് കാരണം.

ഇതിനു പകരമായി തില്ലു ഗാങ് ഗോഗിയുടെ സുഹൃത്തിനെ വെടിവെച്ച് കൊന്നു.

സംഭവത്തിനു ശേഷം ദില്ലി പൊലീസിനെതിരെ ശക്തമായ അമർഷം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ വളരാൻ വഴിയൊരുക്കിയതെന്ന് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ പറയുന്നു. കേന്ദ്രത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ ഗവർണറുടെ വസതിയിൽ സമരം നടത്തവെയാണ് സംഭവം നടക്കുന്നത്.

This post was last modified on June 18, 2018 5:56 pm