X

യുപിയില്‍ 40 വര്‍ഷമായി മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; യോഗി സര്‍ക്കാര്‍ ഈ വര്‍ഷം അടച്ചത് 86 ലക്ഷം

ഈ വര്‍ഷം മാത്രം എല്ലാ മന്ത്രിമാരുടെയും ആദായനികുതി 86 ലക്ഷമാണ്. ഇത് സംസ്ഥാനം അടച്ചു കഴിഞ്ഞു.

ഉത്തര്‍പ്രദേശിലെ വിചിത്രമായ ഒരു നിയമം മൂലം നാല്‍പ്പത് കൊല്ലത്തോളമായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സര്‍ക്കാരാണെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ദരിദ്രരാണെന്നും തങ്ങളുടെ തുച്ഛമായ വേതനം കൊണ്ട് അവര്‍ക്ക് ആദായനികുതി അടയ്ക്കാനാകില്ലെന്നും സ്ഥാപിക്കുന്ന ഈ നിയമം, അവ സംസ്ഥാന ഖജനാവ് വേണം അടയ്ക്കാനെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ‘ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസ്‌സെലേനിയസ് ആക്ട്, 1981’ ആണ് പ്രസ്തുത നിയമം.

ഉത്തര്‍പ്രദേശില്‍ കോടീശ്വരന്മാരാണ് മന്ത്രിമാരധികവും. ഇവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ തന്നെ അത് വിളിച്ചു പറയുന്നുണ്ട്. കോടിക്കണക്കിന് വിലയുള്ള അത്യാഡംബര എസ്‌യുവികള്‍ വാങ്ങിയും മറ്റും അവര്‍ തങ്ങളുടെ സാമ്പത്തികനില ഭദ്രമാണെന്ന് ഇടക്കിടെ തെളിയിക്കുന്നു.

വിപി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം നിലവില്‍ വന്നത്. അതിനു ശേഷം19 മുഖ്യമന്ത്രിമാരെ യുപി കണ്ടു. ഇതില്‍ ഭൂരിഭാഗം പേരും അതിസമ്പന്നര്‍. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആയിരത്തോളം മന്ത്രിമാരും യുപിയില്‍ ഭരണം നടത്തി. ഇവരുടെയെല്ലാം ആദായനികുതികള്‍ അടച്ചത് സംസ്ഥാനത്തിന്റെ ഖജനാവാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും നികുതികള്‍ അടയ്ക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്.

ഈ വര്‍ഷം മാത്രം എല്ലാ മന്ത്രിമാരുടെയും ആദായനികുതി 86 ലക്ഷമാണ്. ഇത് സംസ്ഥാനം അടച്ചു കഴിഞ്ഞു.

This post was last modified on September 13, 2019 8:48 am