X

മമതയുമായുള്ള ചര്‍ച്ച വിജയം, ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹോസ്പിറ്റലുകളില്‍ നോഡല്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കും.

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹോസ്പിറ്റലുകളില്‍ നോഡല്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനായി കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അനൂജ് ശര്‍മയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ഡോക്ടര്‍മാരെക്കുറിച്ച് അഭിമാനമാണ് ഉള്ളത് എന്ന് മമത പറഞ്ഞു.

കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് ഡോക്ടര്‍മാര്‍ സുരക്ഷ ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് പറഞ്ഞ് മമത ആദ്യം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളിലേയ്ക്ക് പടര്‍ന്ന സമരം ഒപികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും പലയിടങ്ങളിലും എമര്‍ജന്‍സി സര്‍വീസുകള്‍ പോലും സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമതയുടെ ക്ഷണം ഡോക്ടര്‍മാര്‍ ആദ്യം തള്ളിക്കളഞ്ഞിരുന്നു. തങ്ങളെ അധിക്ഷേപിച്ച മമത മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ 13 ഇന ആവശ്യങ്ങളും സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍്ക്ക് പിന്തുണയുമായി ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) 24 മണിക്കൂര്‍ പണിമുടക്ക് നടക്കുകയാണ്. ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബംഗാള്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.

ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മമത ഉറപ്പ് നല്‍കിയതിന് പിന്നാലെ ഇന്നലെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘം ചര്‍ച്ച നടത്തിയത്. സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അടച്ച മുറിയിലുള്ള ചര്‍ച്ച വേണ്ടെന്നും മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ച മതിയെന്നും ഇന്നലെ ഡോക്ടര്‍മാര്‍ ഉപാധി വച്ചിരുന്നു.

This post was last modified on June 17, 2019 7:46 pm