X

പാകിസ്താന് പിന്നാലെ ഇന്ത്യയും സംഝോത എക്‌സ്പ്രസ് നിര്‍ത്തി

നോര്‍തേണ്‍ റെയില്‍വേ ചീഫ് പിആര്‍ഒയെ ഉദ്ധരിച്ചാണ് പിടിഐ ഇക്കാര്യം പറയുന്നത്.

പാകിസ്താന് പിന്നാലെ ഇന്ത്യയും ഡല്‍ഹി – ലാഹോര്‍ ട്രെയിനായി സംഝോത എക്‌സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തി. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്. ലാഹോറിനും അട്ടാരിക്കുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന സംഝോത എക്‌സ്പ്രസ് നമ്പര്‍ 14607/14608ന്റെ സര്‍വീസ് നിര്‍ത്തുന്നതായി പാകിസ്താന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിക്കും അട്ടാരിയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന 14001/14002ന്റെ സര്‍വീസ് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചത്. നോര്‍തേണ്‍ റെയില്‍വേ ചീഫ് പിആര്‍ഒ ദീപക് കുമാറിനെ ഉദ്ധരിച്ചാണ് പിടിഐ ഇക്കാര്യം പറയുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് കറാച്ചിയിലേയ്ക്കുള്ള ഥാര്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസും പാകിസ്താന്‍ തടഞ്ഞിരുന്നു.

അനിശ്ചിത കാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായാണ് പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചിരുന്നത്. ഏകപക്ഷീയമായ തീരുമാനം എന്നാണ് പാക് നടപടിയോട് ഇന്ത്യ പ്രതികരിച്ചത്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുകയായിരുന്ന 117 പേര്‍ കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം അതിര്‍ത്തിയില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഭാഗത്ത് നിന്ന് എഞ്ചിന്‍ അയച്ചാണ് ട്രെയിന്‍ അട്ടാരിയിലേയ്ക്ക് കൊണ്ടുവന്നത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിക്കുറക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കുന്ന പ്രഖ്യാപനത്തിലേയ്ക്കും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കുന്നതിലേയ്ക്കും നയിച്ചത് ഇതാണ്.

This post was last modified on August 11, 2019 9:30 pm