X

കുമാരസ്വാമി രാജി വച്ചു; സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാത്ത എംഎല്‍എയെ മായാവതി പുറത്താക്കി

2018 മേയ് 23ന് അധികാരമേറ്റ കുമാര സ്വാമി മന്ത്രിസഭ 14 മാസത്തെ ഭരണത്തിന് ശേഷമാണ് അധികാരമൊഴിയുന്നത്.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രാജി വച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ബംഗളൂരുവിലെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജിക്കത്ത് നല്‍കി. 2018 മേയ് 23ന് അധികാരമേറ്റ കുമാര സ്വാമി മന്ത്രിസഭ 14 മാസത്തെ ഭരണത്തിന് ശേഷമാണ് അധികാരമൊഴിയുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഉപമുഖ്യമന്ത്രി ജി പരമേശ്വര, മന്ത്രി ഡികെ ശിവകുമാര്‍, ജെഡിഎസ് നേതാവും മന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്ഡി രേവണ്ണ തുടങ്ങിയവര്‍ കുമാരസ്വാമിക്കൊപ്പം ഉണ്ടായിരുന്നു. 2006ല്‍ ആദ്യ തവണ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായപ്പോഴും കുമാരസ്വാമിക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

സര്‍ക്കാര്‍ രൂപീകരിച്ച് അധികം വൈകാതെ തന്നെ സഖ്യകക്ഷികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ തുങ്ങിയിരുന്നു. 16 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജി വച്ചതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. മന്ത്രി സ്ഥാനം രാജി വച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാരും ബിജെപി പാളയത്തിലേയ്ക്ക് പോയിരുന്നു. വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ വാദങ്ങളും മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്കുമൊടുവില്‍, നിയമസഭയിലെ മൂന്ന് ദിവസം നീണ്ട വിശ്വാസ വോട്ട് ചര്‍ച്ചയ്‌ക്കൊടുവിലാണ് കുമാരസ്വാമി രാജി വച്ചിരിക്കുന്നത്. താന്‍ രാജി വച്ചു എന്ന പേരില്‍ വ്യാജ കത്ത് പ്രചരിക്കുന്നതായും രാജി വച്ചിട്ടില്ലെന്നും ഇന്നലെ കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞിരുന്നു. അതേസമയം നിയമസഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷമുറപ്പിച്ച ബിജെപി, ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. യെദിയൂരപ്പ ഉടന്‍ ഗവര്‍ണറെ കാണും.

സര്‍ക്കാരിനെ പിന്തുണക്കാത്ത ബി എസ് പി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. മായാവതി തന്നോട് നിഷ്പക്ഷത പാലിക്കാനാണ് ആവശ്യപ്പെട്ടത് എന്നും അതിനാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്നുമാണ് ബിഎസ്പി എംഎല്‍എ മഹേഷ് പറഞ്ഞിരുന്നത്. എന്നാല്‍ സഖ്യ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് എംഎല്‍എയോട് മായാവതി ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിപ്പ് ലംഘിച്ച രാജി വച്ച 15 എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ സ്പീക്കര്‍ സ്വീകരിച്ചേക്കും എന്ന് സൂചനയുണ്ട്.

This post was last modified on July 23, 2019 9:26 pm