X

തരിഗാമിയെ കാണാന്‍ നാളെ കാശ്മീരിലേയ്ക്ക്: സുപ്രീം കോടതി അനുമതിക്ക് പിന്നാലെ യെച്ചൂരി

കഴിഞ്ഞ രണ്ട് തവണത്തെ പോലെ ഇത്തവണയും സര്‍ക്കാര്‍ തന്നെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുമോ എന്ന് അറിയില്ലെന്നും എകെജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.

ജമ്മു കാശ്മീരില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ അംഗവുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ താന്‍ നാളെ തന്നെ തരിഗാമിയെ കാണാന്‍ ശ്രീനഗറിലേയ്ക്ക് പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കഴിഞ്ഞ രണ്ട് തവണത്തെ പോലെ ഇത്തവണയും സര്‍ക്കാര്‍ തന്നെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുമോ എന്ന് അറിയില്ലെന്നും എകെജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.

“ഇത് ഞാന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് കോടതി നല്‍കിയ മറുപടിയാണ്. തരിഗാമി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ഞാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. തരിഗാമി 24 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു. ഇപ്പോള്‍ കോടതി അദ്ദേഹത്തെ കാണാന്‍ എനിക്ക് അനുമതി തന്നിരിക്കുന്നു. എത്ര സമയം അവര്‍ ശ്രീനഗറില്‍ ചിലവഴിക്കാന്‍ എന്നെ അനുവദിക്കുമെന്ന് അറിയില്ല. കണ്ടയുടനെ തിരിച്ചുവിടുമോ എന്നും അറിയില്ല” – യെച്ചൂരി പറഞ്ഞു.

തരിഗാമിയെ മാത്രമേ കാണാന്‍ പാടൂ എന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ പാടില്ല എന്നുമാണ് സുപ്രീം കോടതി യെച്ചൂരിയോട് പറഞ്ഞിരിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇത്തരത്തില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അവകാശമുണ്ട് എന്നും അതേസമയം സുഹൃത്തുക്കളെ കാണുകയല്ലാതെ മറ്റേതെങ്കിലും പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ അത് ചെയ്താല്‍ അത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിട്ടുണ്ട്. സീനീയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് യെച്ചൂരിയുടെ യാത്രയ്ക്ക് സൗകര്യമൊരുക്കണം. തരിഗാമി ഉള്ളിടത്ത് എത്തിക്കണം – കോടതി ഉത്തരവിട്ടു.

This post was last modified on August 28, 2019 4:10 pm