X

രണ്ട് കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന് തമിഴ്‌നാട് സ്വദേശിയുടെ പരാതി; ഗോകുലം ഗോപാലന്റെ മകന്‍ യുഎഇ ജയിലിലെന്ന് റിപ്പോര്‍ട്ട്

ഇന്നലെ അജ്മാനിലെ ജയിലിലേക്കു മാറ്റി. രണ്ട് കേസുകളാണ് അജ്മാനില്‍ ബൈജുവിന്റെ പേരിലുള്ളത്.

രണ്ട് കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യു.എ.ഇയില്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് സ്വദേശി രമണിയാണ് പരാതിക്കാരി. ഒരുമാസമായി ബൈജു ഒമാന്‍ ജയിലിലായിരുന്നു. ഇന്നലെ അജ്മാനിലെ ജയിലിലേക്കു മാറ്റി. രണ്ട് കേസുകളാണ് അജ്മാനില്‍ ബൈജുവിന്റെ പേരിലുള്ളത്. ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. സബ് കോണ്‍ട്രാക്ട് എടുത്തയാള്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പരാതി നല്‍കിയത്. ഏകദേശം 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാറിനെതിരെ ഉയരുന്ന ആരോപണം. ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍മോചിതനായത്.

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എം.എ യൂസഫലിയും തുഷാറിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു. യൂസഫലിയുടെ അഭിഭാഷകനാണ് കോടതിയില്‍ തുഷാറിനായി ഹാജരായത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയക്കുകയായിരുന്നു. തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ടായിരുന്നു പിണറായി കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. നിയമപരിധിയില്‍ നിന്നുകൊണ്ടുള്ള സഹായങ്ങള്‍ തുഷാറിന് നല്‍കണമെന്നാണ് പിണറായി കത്തിലൂടെ ആവശ്യപ്പെട്ടത്.

അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്മാന്‍ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

also read:ഗുരുവായൂര്‍ കിഴക്കേനടയില്‍ ഫ്ലാറ്റ്; മുഴുവന്‍ പണവുമടച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളര്‍ പെരുവഴിയില്‍, ഫ്ലാറ്റ് ഈടു വച്ച് കോടികള്‍ വായ്പയെടുത്ത് ഉടമകള്‍; തട്ടിപ്പിന്റെ തൃശൂര്‍ മോഡല്‍

This post was last modified on August 28, 2019 5:05 pm