X

കാശ്മീരിന്റെ പ്രത്യേക പദവിക്ക് ഇപ്പോള്‍ പ്രശ്‌നമില്ല, നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല: ഗവര്‍ണര്‍ സത്യപാല്‍ മാലിക്

"അവര്‍ തൃപ്തരായാണ് മടങ്ങിയത്. അവര്‍ എന്നില്‍ നിന്ന് എന്ത് കേള്‍ക്കാനാണോ ആഗ്രഹിച്ചത, അത് ഞാന്‍ പറഞ്ഞു".

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും എന്നാല്‍ അടുത്ത ദിവസം എന്ത് സംഭവിക്കും എന്ന് തനിക്ക് പറയാനാകില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുള്ളത് ഭീതി പരത്തിയിട്ടുള്ള സാഹര്യത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. കാശ്മീരിന് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ റദ്ദാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണിത്.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും അടക്കമുള്ള നേതാകളോട് ഗവര്‍ണര്‍ പറഞ്ഞത് ആര്‍ട്ടിക്കിള്‍ 370യും ആര്‍ട്ടിക്കിള്‍ 35എയും പിന്‍വലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ്. അവര്‍ തൃപ്തരായാണ് മടങ്ങിയത്. അവര്‍ എന്നില്‍ നിന്ന് എന്ത് കേള്‍ക്കാനാണോ ആഗ്രഹിച്ചത്, അത് ഞാന്‍ പറഞ്ഞു. എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് എനിക്ക് പറയാനാകില്ല – ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറല്ല, കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം പറയണമെന്നും ഗവര്‍ണറെ കണ്ട ശേഷം ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നതിനടക്കം അവകാശങ്ങള്‍ നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വകുപ്പാണ് 35എ. ഇത് രണ്ട് പിന്‍വലിക്കണം എന്ന ആവശ്യം ബിജെപി ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്. ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിച്ചാല്‍ വെടി മരുന്ന് വീപ്പ തീയില്‍ വയ്ക്കുന്ന അവസ്ഥയുണ്ടാകും എന്ന് മെഹബൂബ മുഫ്തി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

This post was last modified on August 4, 2019 11:49 am

Related Post
Leave a Comment