X

ജാദവ്പൂര്‍ സര്‍വകലാശാല ‘ദേശ വിരുദ്ധ കമ്മ്യൂണിസ്റ്റ് കേന്ദ്രം’, സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി നശിപ്പിക്കണം: പ്രവര്‍ത്തകരോട് ബംഗാള്‍ ബിജെപി പ്രസിഡന്റ്‌

"നമ്മുടെ പ്രവര്‍ത്തകര്‍ ബലാകോട്ട് മാതൃകയില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി യൂണിവേഴ്‌സിറ്റിയിലെ ഇവരുടെ ഇടങ്ങളെ തകര്‍ക്കണം" - ദിലീപ് ഘോഷ് പറഞ്ഞു.

ജാദവ്പൂര്‍ സര്‍വകലാശാല ദേശ വിരുദ്ധ കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ് എന്നും അവരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തകര്‍ക്കണമെന്നും ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗായകന്‍ ബാബുള്‍ സുപ്രിയോയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ച സംഭവത്തിലാണ് ദിലീപ് ഘോഷിന്റെ പ്രതികരണം. ജാദവ്പൂര്‍ കാംപസ് ദേശവിരുദ്ധരുടേയും കമ്മ്യൂണിസ്റ്റുകളുടേയും കേന്ദ്രമായി മാറിയിരിക്കുന്നു. നമ്മുടെ പ്രവര്‍ത്തകര്‍ ബലാകോട്ട് മാതൃകയില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി യൂണിവേഴ്‌സിറ്റിയിലെ ഇവരുടെ ഇടങ്ങളെ തകര്‍ക്കണം – ദിലീപ് ഘോഷ് പറഞ്ഞു.

ബാബുള്‍ സുപ്രിയോ കൊല്ലപ്പെടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന് ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

എബിവിപിയുടെ പരിപാടിയില്‍ കാംപസിലെത്തിയപ്പോള്‍, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ബാബുള്‍ സുപ്രിയോയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചും പാട്ട് പാടിയുമായിരുന്നു പ്രതിഷേധം. ബാബുള്‍ സുപ്രിയോ വിദ്യാര്‍ത്ഥിനികളോട് മോശമായ ഭാഷയില്‍ സംസാരിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്.

നേരത്തെ രാമനവമിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടെയടക്കം മുസ്ലീം വിരുദ്ധ വര്‍ഗീയ പ്രസ്താവനകള്‍ ബാബുള്‍ സുപ്രിയോ നടത്തിയിരുന്നു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എത്തിയാണ്, അദ്ദേഹത്തിന്റെ കാറില്‍ ബാബുള്‍ സുപ്രിയോയെ കാംപസിന് പുറത്തെത്തിച്ചത്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കഴിയാത്ത വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് രാജി വയ്ക്കണം എന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

This post was last modified on September 21, 2019 7:16 am