X

കോണ്‍ഗ്രസ് വിമതരെ അനുനയിപ്പിക്കാനുള്ള ശിവകുമാറിന്റെ നീക്കം പാളി, 14 എംഎല്‍എമാര്‍ രാജി വച്ചു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി ബിജെപി

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.

കര്‍ണാടകയില്‍ രാജി വച്ച പാര്‍ട്ടി വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍ പാളുന്നു. കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുകയാണ്. 11 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. ഇവര്‍ ബിജെപിയിലേയ്ക്ക് പോകാനൊരുങ്ങുന്നതായാണ് റിപ്പോട്ട്. ജെഡിഎസില്‍ നിന്ന് മൂന്ന് പേരും രാജി വച്ചു.

ഇതിനിടെ നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ബിജെപി സജീവമാക്കി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ വ്യക്തമാക്കി. വിമതരുടെ രാജിക്ക് പിന്നില്‍ തങ്ങളല്ലെന്ന് ബിജെപിയും തങ്ങളുടെ രാജിക്ക് പിന്നില്‍ ബിജെപിയല്ലെന്നും വിമത എംഎല്‍എമാരും പറയുന്നു.

സര്‍ക്കാരിനെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മുന്നോട്ടുകൊണ്ടുപോകുന്ന രീതികളോടുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്ന് എംഎല്‍എമാര്‍ രാജ് ഭവന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്‍കിയ കാര്യം ഗവര്‍ണറെ അറിയിക്കാനാണ് രാജ് ഭവനിലെത്തിയത് എന്ന് എംഎല്‍എമാര്‍ പറഞ്ഞു. നേരത്തെ 119 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ 105 ആയി ചുരുങ്ങി. ബിജെപിക്ക് ഒറ്റയ്ക്ക് 105 അംഗങ്ങളാണ് സഭയിലുള്ളത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും രമേഷ് ജെര്‍ക്കിഹോളിയും രാജി വച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം നേരത്തെ തന്നെ സിദ്ധരാമയ്യയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ രംഗത്തെത്തുകയും കുമാരസ്വാമി രാജി ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഒരോ സീറ്റ് വീതം മാത്രമാണ് നേടാനായത്.

This post was last modified on July 6, 2019 6:46 pm