X

ഞാന്‍ ആള്‍ക്കൂട്ട കൊലകളുടെ ഇരകള്‍ക്കൊപ്പം: ഡിവൈഎഫ്‌ഐ പരിപാടിയില്‍ നസീറുദ്ദീന്‍ ഷാ

ചിലര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നു. ചിലര്‍ എന്നോട് പാകിസ്താനിലേയ്ക്ക് പോകാന്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ ബന്ധുക്കളുടെ വേദനയോളം വരില്ല.

രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ക്ക് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താന്‍ എന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. മുംബയ് ദാദറില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു നസീറുദ്ദീന്‍ ഷാ. വിദ്വേഷ കുറ്റകൃത്യങ്ങളിലെ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തിലാണ് ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരും അവരുടെ ബന്ധുക്കളും വളരെയധികം ദുരിതം അനുഭവിച്ചുവെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു.

ഇരകളുടെ ബന്ധുക്കള്‍ക്കൊപ്പമിരിക്കുന്നതില്‍ അഭിമാനമുണ്ട്. അവരുടെ ധീരതയെ സല്യൂട്ട് ചെയ്യുന്നു. അവര്‍ നമ്മളേക്കാളും വളരെയധികം അനുഭവിച്ചു. അവരുടെ ദുരിതാനുഭവങ്ങളുടെ രണ്ട് ശതമാനം പോലും നമുക്കില്ല. ചിലര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നു. ചിലര്‍ എന്നോട് പാകിസ്താനിലേയ്ക്ക് പോകാന്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ ബന്ധുക്കളുടെ വേദനയോളം വരില്ല. എന്റെ എല്ലാ പിന്തുണയും എല്ലായ്‌പ്പോളും ഈ ആളുകള്‍ക്കാണ് – നസീറുദ്ദീന്‍ ഷാ പറഞ്ഞു. എഴുത്തുകാരനും ചിന്തകനുമായ രാം പുനിയാനി, സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ALSO READ: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

ബുലന്ദ്ഹറില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അടക്കമുള്ള ഹിന്ദുത്വ ഗുണ്ടകള്‍ പൊലീസ് ഇന്‍സ്‌പെക്ടറെ അടിച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ആള്‍ക്കൂട്ട കൊലകളേയും അതിക്രമങ്ങളേയും സംബന്ധിച്ച് നസീറുദ്ദീന്‍ ഷാ വിമര്‍ശനം നടത്തിയിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടറുടെ ജീവനേക്കാള്‍ ഇന്ത്യയില്‍ പ്രാധാന്യം പശുവിന്റെ ജീവനാണ് എന്ന് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഷായ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തെത്തുകയും ചെയ്തു.

This post was last modified on July 22, 2019 5:09 pm