X

കാശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമെന്ന് മോദി; മുന്‍ സര്‍ക്കാരുകള്‍ കാശ്മീരികളെ വഞ്ചിച്ചു, ആര്‍ട്ടിക്കിള്‍ 370 വികസനം തടഞ്ഞു

കാശ്മീരികള്‍ വികസനവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാര പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അടക്കമുള്ളവരുടെ സ്വപ്‌നമാണ് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിലൂടെ സംഭവിച്ചത് എന്നും മോദി അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 കാശ്മീരിന്റെ വികസനം തടഞ്ഞതായും മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കാശ്മീരികള്‍ വികസനവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു എന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ജമ്മു കാശ്മീരില്‍ ലഭിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് എതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ശക്തമായ നിയമങ്ങളുണ്ട്. ജമ്മു കാശ്മീരില്‍ ഇതില്ല. ജമ്മുവിലേയും കാശ്മീര് താഴ് വരയിലേയും ലഡാക്കിലേയും ജനജീവിതത്തെ ആര്‍ട്ടിക്കിള്‍ 370 എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നത് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിരുന്നില്ല. ആര്‍ട്ടിക്കിള്‍ 370 കാശ്മീരികള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാക്കിയത് എന്ന് ആരും പറഞ്ഞില്ല – മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി കുടുംബവാഴ്ചയ്ക്കാണ് വഴിയൊരുക്കിയത് എന്ന് മോദി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഭരണം നിശ്ചിത സമയത്തേയ്ക്ക് മാത്രമായിരിക്കും. ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തും. കാശ്മീരില്‍ പഴയ പോലെ നിയമസഭയും മുഖ്യമന്ത്രിയുമെല്ലാം ഉണ്ടാകുമെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കാത്ത അവസ്ഥ മാറും. ജമ്മു കാശ്മീരിന്റെ ആധുനീകരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ വികസിപ്പിക്കും. സ്വകാര്യനിക്ഷേപങ്ങളും കൂടുതല്‍ തൊഴിലവസരങ്ങളും കാശ്മീരില്‍ വരും.

കേന്ദ്രഭരണപ്രദേശമാക്കിയ ലഡാകിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കും. ആത്മീയ ടൂറിസം, സൗരോര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയവ വിപുലീകരിക്കും. നല്ല ആശുപത്രികളും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനൊപ്പമാണ്.

ALSO READ: കാശ്മീര്‍ പാകിസ്താന് കൊടുത്ത് ഹൈദരാബാദ് സ്വന്തമാക്കാമെന്ന് പറഞ്ഞത് പട്ടേല്‍, നിര്‍ദേശം തള്ളിയത് നെഹ്‌റു; ചരിത്രം പോലും പ്രതിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് മേല്‍ അവസാന ആണിയുമടിച്ച്‌ അമിത് ഷാ

കാശ്മീര്‍ പ്രശ്‌നത്തില്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ഭൂ ഉടമസ്ഥത അടക്കമുള്ളവ കാശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കി കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചിരുന്നു. കാശ്മീര്‍ പുനസംഘടനാ ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.

മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കമുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരേയും ടൂറിസ്റ്റുകളേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും മടക്കി അയച്ചിരുന്നു.

ALSO READ: എങ്ങനെയാണ് കാശ്മീര്‍ പ്രശ്‌നം ഇങ്ങനെ കുഴഞ്ഞുമറിഞ്ഞത്? ചരിത്രം പറയുന്നതിതാണ്

This post was last modified on August 8, 2019 9:39 pm