X

എറണാകുളത്ത് 162 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രത നിര്‍ദേശം

ഇന്നു രാവിലെ ഭൂതത്താന്‍ കെട്ടില്‍ 11 ഷട്ടറുകളാണ് തുറന്നിരുന്നതെങ്കിലും ജലനിരപ്പ് ഉയര്‍ന്നതോടെ ബാക്കി ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു

ജല നിരപ്പ് ഉയര്‍ന്നതോടു കൂടി ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നതും കനത്ത മഴയും എറണാകുളം ജില്ലയില്‍ സാഹചര്യങ്ങള്‍ ആശങ്കയിലാഴ്ത്തുന്നു. ഇന്നു മുതല്‍ അടുത്ത രണ്ടു ദിവസത്തേക്കു കൂടി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 57 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. അവസാനത്തെ വിവരം അനുസരിച്ച് 162 പേര്‍ ഇതുവരെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തപ്പെട്ടിട്ടുണ്ട്.

അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്നാണ് കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.മഴ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കളക്ടറുടെയോ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെയോ ഫെയ്‌സബുക്ക് പേജുകള്‍ സന്ദര്‍ശിക്കാനും മറ്റു വ്യാജവാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കളക്ടര്‍ അറിയിച്ചു. അടിയന്തരഘട്ടത്തില്‍ ജില്ല ദുരന്തനിവാരണ സേനയുടെ സേവനം തേടാന്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലും 04842423513 എന്ന നമ്പറിലും ബന്ധപ്പെടാം.

ഇന്നു രാവിലെ ഭൂതത്താന്‍ കെട്ടില്‍ 11 ഷട്ടറുകളാണ് തുറന്നിരുന്നതെങ്കിലും ജലനിരപ്പ് ഉയര്‍ന്നതോടെ ബാക്കി ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. കുട്ടമ്പുഴ വില്ലേജില്‍ മണികണ്ഠന്‍ ചാല്‍ സി എസ് ഐ പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അഞ്ചു കുടുംബങ്ങളെ ഈ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മണികണ്ഠന്‍ ചാലില്‍ 40 വീടുകളുടെ മുകളിലേത്ത് മരങ്ങള്‍ വീഴാറായി നില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപഴയാറില്‍ 1.5 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഇടമലയാര്‍ ഡാം തുറന്നു വിടാന്‍ ഇപ്പോള്‍ സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇടമലയാര്‍ ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 169 മീറ്റര്‍ ആണ്. നിലവില്‍ ഡാമില്‍ 138. 96 മീറ്റര്‍ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലിന്റെ 33.15 ശതമാനം മാത്രമേ ജലനിരപ്പ് എത്തിയിട്ടുള്ളൂ എന്നതിനാലാണ് ഡാം തുറന്നു വിടേണ്ട സാഹചര്യം ഇല്ലാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന ബാധിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവ് കൊടുത്തിട്ടുണ്ട്.

പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരൂമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി, മലയാറ്റൂര്‍, കാലടി ,കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കരയുടെ ഭാഗമായ കോഴിതുരുത്ത് എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതായി ജില്ല ഭരണ കൂടം അറിയിച്ചു. ആലുവ ശിവക്ഷേത്രം മുക്കാല്‍ ഭാഗം വെള്ളത്തിനടിയിലായിട്ടുണ്ട്. അങ്കമാലി-മാഞ്ഞാലി തോട് കവിഞ്ഞ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. നെടുമ്പാശ്ശേരി, പാറക്കടവ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.