X

ഡല്‍ഹിയിലും അസമിലെപ്പോലെ പൗരത്വ പട്ടിക നടപ്പാക്കി ‘വിദേശി’കളെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മനോജ തീവാരി

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ 'അപകടകര'മാണ് എന്ന് മനോജ് തിവാരി അഭിപ്രായപ്പെട്ടു.

അസമിലെ പോലെ ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയിലും പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച് ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ പുറത്താക്കണം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ‘അപകടകര’മാണ് എന്ന് മനോജ് തിവാരി അഭിപ്രായപ്പെട്ടു. ഇവിടെ താമസമാക്കിയിട്ടുള്ള ‘നിയമവിരുദ്ധ കുടിയേറ്റ’ക്കാരാണ് ഏറ്റവും വലിയ അപകടകാരികള്‍ എന്ന് തിവാരി പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നും തിവാരി എഎന്‍ഐയോട് പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി സൗജന്യയങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ കുടിയേറ്റ വിരുദ്ധ പ്രചാരണം.

അതേസമയം മനോജ് തിവാരിയെ പരിഹസിച്ചും വിമര്‍ശിച്ചും മഹിളാ കോണ്‍ഗ്രസ് ഇങ്ങനെ ട്വീറ്റ് ചെയ്തു. ബിഹാറിലെ കൈമുറില്‍ ജനിച്ച് യുപിയിലെ വരാണസിയില്‍ പഠിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്ത്, യുപിയിലെ ഗോരഖ്പൂരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഡല്‍ഹിയിലേയ്ക്ക് വന്ന തിവാരിജി കുടിയേറ്റക്കാരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കാന്‍ നടക്കുകയാണ്. വൈരുദ്ധ്യം അതിന്റെ പേര് മാറ്റിയേക്കും – മഹിള കോണ്‍ഗ്രസ് പറയുന്നു.

This post was last modified on August 31, 2019 2:59 pm