X

നടക്കാവ് ഗേള്‍സ് വിഎച്ച്എസ്എസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍; മികച്ച 10 സ്‌കൂളുകളിൽ നാലെണ്ണം കേരളത്തിൽ

2019-20ലെ എജുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് കേരളത്തിലെ നാല് സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യത്തെ മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലെണ്ണം കേരളത്തിലേത്. ആദ്യ അഞ്ചില്‍ കേരളത്തിലെ രണ്ട് സ്‌കൂളുകള്‍ ഇടം പിടിച്ചു. കേരള സ്റ്റേറ്റ് സിലബസ് ഉള്ള
കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രീയ വിദ്യാലയം നാലാം സ്ഥാനത്തുമാണ്. മികച്ച മൂന്ന് സ്‌കൂളുകള്‍ ഡല്‍ഹിയിലേതാണ്.

ഒന്നാം സ്ഥാനം ന്യൂഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 10ലുള്ള രാജകീയ പ്രതിഭ വികാസ് വിദ്യാലയ്ക്കാണ്. രണ്ടാം സ്ഥാനം ഐഐടി മദ്രാസിലെ കേന്ദ്രീയ വിദ്യാലയവും നടക്കാവ് സ്കൂളും പങ്കിട്ടു. ബോംബെ ഐഐടിയുടെ കേന്ദ്രീയ വിദ്യാലയ മികവില്‍ മൂന്നാം സ്ഥാനത്തും. 2019-20ലെ എഡ്യൂക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് കേരളത്തിലെ നാല് സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യത്തെ മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നു. നടക്കാവ് സ്‌കൂളിന്റെ മികവ് യുകെയില്‍ വരെ ചര്‍ച്ചയും പഠനവിഷയവുമായി.

തൃശൂര്‍ ജില്ലയിലെ പുറനാട്ടുകരയിലുള്ള കേന്ദ്രീയ വിദ്യാലയയും കണ്ണൂര്‍ കെല്‍ട്രോണ്‍ നഗറിലെ കേന്ദ്രീയ വിദ്യാലയയും ഒമ്പതും 10ഉം സ്ഥാനങ്ങള്‍ നേടി.

This post was last modified on September 15, 2019 6:58 am