X

ഉന്നാവോ ബലാത്സംഗ ഇരയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയിലിലുള്ള ബിജെപി എംഎല്‍എയ്ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നതായി പരാതി

കുല്‍ദീപ് സെന്‍ഗര്‍ ആസൂത്രണം ചെയ്ത അപകടമാണ് ഇതെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജയിലിലുള്ള എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഉന്നാവോ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍, ജയിലിലുള്ള കേസിലെ മുഖ്യപ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗറിന് വിവരങ്ങള്‍ നല്‍കിയിരുന്നതായി ആരോപണം. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് ഇന്നലെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം കുല്‍ദീപ് സെന്‍ഗര്‍ ആസൂത്രണം ചെയ്ത അപകടമാണ് ഇതെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ജയിലിലുള്ള എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും നീക്കങ്ങള്‍ കുല്‍ദീപ് സെന്‍ഗറിനെ അറിയിച്ചിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി എവിടെയെല്ലാം പോകുന്നു എന്നത് സംബന്ധിച്ച് ജയിലിലുള്ള കുല്‍ദീപ് സെന്‍ഗറിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്നും ഇതനുസരിച്ച് അയാള്‍ പുറത്തുള്ള അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്. കേസ് പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരാരും തന്നെ ഇവരെ അനുഗമിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ചാണ് ഉദ്യോഗസ്ഥര്‍ കൂടെ പോകാതിരുന്നത് എന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

ലക്‌നൗവിലെ ആശുപത്രിയില്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം കാറില്‍ സ്ഥലമില്ലാത്തതിനാല്‍ തങ്ങളോടെ വരണ്ട എന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സുരേഷ് എന്‍ഡിടിവിയോട് പറഞ്ഞത്. എന്നാല്‍ കുല്‍ദീപ് സെന്‍ഗറിന്റെ മകന്‍ ഷാഹി സിംഗും ഗ്രാമത്തിലെ മറ്റൊരു യുവാവും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അ്മ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

This post was last modified on July 30, 2019 9:10 am