X

ഇന്ത്യയുടെ വ്യാപാരപദവി നാറ്റോ സഖ്യരാജ്യങ്ങളുടേതിന് തുല്യമാക്കി വാഷിങ്ടൺ

എസ്‌ടിഎ-1 എന്ന പദവിയാണ് ഇന്ത്യക്ക് യുഎസ് നൽകിയിരിക്കുന്നത്.

വ്യാപാര പങ്കാളിയെന്ന നിലയിൽ ഇന്ത്യക്ക് യുഎസ് നൽകിവന്ന പദവിയിൽ മാറ്റം വരുത്തി. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്ക് നൽകുന്ന അതേ പദവിയിലേക്ക് ഇന്ത്യയെ ഉയർത്തുന്നതായി യുഎസ് പ്രഖ്യാപിച്ചു. പ്രതിരോധ ആയുധങ്ങളുടെ കച്ചവടം സുഗമമാക്കാനാണ് ഈ പദവിമാറ്റം.

ഉയർന്ന സാങ്കേതികതയിൽ നിർമിക്കപ്പെട്ട പ്രതിരോധ ആയുധങ്ങള്‍ ഇന്ത്യക്ക് കച്ചവടം ചെയ്യുന്നതിന് നിലവിൽ യുഎസ്സിന് ചില പ്രയാസങ്ങൾ നേരിടുന്നുണ്ട്. വേഗതയിൽ കാര്യങ്ങൾ നീക്കാനാകില്ല എന്നതാണ് പ്രശ്നം.

എസ്‌ടിഎ-1 എന്ന പദവിയാണ് ഇന്ത്യക്ക് യുഎസ് നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള വിവിധ കയറ്റുമതി ലൈസൻസുകളുടെ എണ്ണത്തിൽ ഇതോടെ കുറവ് വരും. ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികതകള്‍ എളുപ്പത്തിൽ സ്വന്തമാക്കാൻ ഇന്ത്യക്ക് ഈ പദവി സൗകര്യം നൽകും.

സിഒഎംസിഎഎസ്എ (Communications, Compatibility and Security Agreement) കരാറിൽ ഇന്ത്യ ഒപ്പിടണമെന്ന യുഎസ്സിന്റെ താൽപര്യമാണ് പുതിയ പദവി നൽകിയതിനു പിന്നിൽ എന്നാണറിയുന്നത്. ഇന്ത്യക്ക് വിൽക്കുന്ന പ്രതിരോധ ആയുധങ്ങളിൽ യുഎസ്സിന്റെ ആശയവിനിമയ സംവിധാനങ്ങൾ കൂടി ചേർക്കുകയും അതുവഴി ഇരുരാജ്യങ്ങളുടെയും പ്രതിരോധ ആശയവിനിമയം ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ കരാർ വഴി യുഎസ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന്മേൽ ഇന്ത്യക്ക് ആശങ്കകളുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ആശയവിനിമയത്തിന്മേൽ ഇടപെടൽ വരുന്നത് അപകടകരമാണ് എന്നതു തന്നെയാണ് കാരണം.

This post was last modified on July 31, 2018 12:34 pm