X

അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ മധ്യേഷ്യയിലേക്ക്; ഇറാന് താക്കീതെന്ന് യുഎസ്

ഇറാൻ മേഖലയിൽ തങ്ങൾ യാതൊരു ആക്രമണത്തിനും തയ്യാറെടുക്കുന്നില്ലെന്നും യുഎസ് വിശദീകരിച്ചു.

അമേരിക്കൻ യുദ്ധവിമാന വാഹിനിക്കപ്പലുകളും ബോംബിങ് ദൗത്യ സേനയും മധ്യേഷ്യൻ കടലുകളിൽ വിന്യസിക്കപ്പെട്ടതായി റിപ്പോർട്ട്. ഇറാന് ‘സുവ്യക്തമായ സന്ദേശം’ നല്‍കലാണ് ഈ വിന്യാസത്തിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎസ് യുദ്ധവിമാനവാഹിനിയായ ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’ [USS Abraham Lincoln (CVN-72)‍] ആണ് ദൗത്യവുമായി പുറപ്പെട്ടെത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ബോംബർ വിമാനങ്ങളുമായി ഒരു ദൗത്യസംഘത്തെയും അയച്ചിട്ടുണ്ട്.

മേഖലയില്‍ കരയിലും കടലിലുമായുള്ള യുഎസ് സാന്നിധ്യങ്ങൾക്കു നേരെ ഭീഷണി നിലവിലുണ്ടെന്നാണ് അറിയുന്നത്. ഒരു താക്കീതാണ് ഇതുവഴി തങ്ങൾ ഇറാന് നൽകുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വ്യക്തമാക്കി. യുഎസ്സിന്റെ താൽപര്യങ്ങൾക്കു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി പ്രതീക്ഷിക്കണമെന്ന സന്ദേശം ഇറാന് നൽകുകയാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ മേഖലയിൽ തങ്ങൾ യാതൊരു ആക്രമണത്തിനും തയ്യാറെടുക്കുന്നില്ലെന്നും യുഎസ് വിശദീകരിച്ചു. ഏതെങ്കിലും ആക്രമണം തങ്ങൾക്കെതിരെയുണ്ടായാൽ അതിനോട് പ്രതികരിക്കാൻ സ്വയം സജ്ജമാകുക മാത്രമാണ് ചെയ്യുന്നത്. ഇറാനെ നിരുത്സാഹപ്പെടുത്താനാണ് ഇത്തരം പൊതുപ്രസ്താവനകൾ നടത്തുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി സിഎൻഎന്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ഭാഗത്തു നിന്നും നേരിട്ടുള്ള ആക്രമണം തന്നെ വേണമെന്നില്ല തങ്ങൾ പ്രതികരിക്കാനെന്നും യുഎസ് പറയുന്നുണ്ട്. തങ്ങളുടെ കൈപ്പിടിയിലുള്ള ഏതെങ്കിലും സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തിയാലും അതിന്റെ ഉത്തരവാദിത്വം ഇറാനായിരിക്കും. ഹൂതികളെയോ ഹെസ്ബൊള്ളയെയോ ഉപയോഗിച്ച് ആക്രമണം നടത്തിയാലും ഇറാനുനേരെ യുഎസ്സിന്റെ ആക്രമണമുണ്ടാകും.

ഈയടുത്തിടെ യുഎസ്സും ഇറാനും തമ്മില്‍ നിലനിന്നു വന്നിരുന്ന സംഘർഷങ്ങൾ കൂടുതൽ ശക്തമായിരുന്നു. ഇറാന്റെ ‘ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്’ എന്ന അർധസൈനിക വിഭാഗത്തെ യുഎസ് ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ് പട്ടാളത്തിന്റെ സെൻട്രൽ കമാൻഡിന് സമാനമായ വിശേഷണം നൽകിയാണ് ഇറാൻ പ്രതികരിച്ചത്.

This post was last modified on May 6, 2019 1:39 pm

Related Post
Leave a Comment