X

ഗർഭിണികളും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും രാജസ്ഥാനിൽ പോകരുത്: യുഎസ്സിന്റെ സിക മുന്നറിയിപ്പ്

അതെസമയം സിക വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നാണ് ഇന്ത്യൻ ആരോഗ്യമന്ത്രാലയം പറയുന്നത്.

ഗർഭിണികളും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും രാജസ്ഥാനിൽ പോകരുതെന്ന് യുഎസ്സിന്റെ ആരോഗ്യനിരീക്ഷണ സംവിധാനമായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുന്നറിയിപ്പ്. സിക വൈറസ് പടർന്നു പിടിക്കുന്നതിനാലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നും പോകുകയാണെങ്കിൽത്തന്നെ രാജസ്ഥാനിലേക്ക് പോകരുതെന്നുമാണ് മുന്നറിയിപ്പ്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജസ്ഥാനിൽ 153 സിക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊതുകിലൂടെ പടരുന്ന രോഗമാണിത്. ചില കേസുകൾ ഗുജറാത്ത്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ സന്ദര്‍ശിച്ചവരിലാണ് ഈ രോഗം ബാധിച്ചത് എന്നത് ശ്രദ്ധേയമാണ്.

യുഎസ്സിന്റെ മുന്നറിയിപ്പ് വന്നതോടെ രാജസ്ഥാൻ ടൂറിസത്തിന് ഇതൊരു വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഒക്ടോബറിന് തുടങ്ങിയ നടപ്പ് സീസൺ അടുത്ത മാർച്ചിലാണ് അവസാനിക്കുക. ക്രിസ്തുമസ് അവധിക്കാലത്ത് കൂടുതൽ ടൂറിസ്റ്റുകൾ എത്തേണ്ടതായിരുന്നു. ഇതിൽ കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞവർഷം ഈ സീസണിൽ 35 ലക്ഷത്തോളം ഇന്ത്യൻ-വിദേശ ടൂൂറിസ്റ്റുകൾ രാജസ്ഥാൻ സന്ദർശിച്ചിരുന്നു.

“സിക വൈറസ് രോഗബാധ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലും അസാധാരണമാവിധം ഈ രോഗബാധ വളരുന്നു. ഇന്ത്യയിലെമ്പാടും ഈ രോഗബാധയുടെ സാധ്യത നിലനിൽക്കുന്നുണ്ട്. ഗർഭിണികളും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും രാജസ്ഥാനിലേക്ക് പോകരുത്. സിക ബാധ വളരെ ഗുരുതരമായ ജനന വൈകല്യങ്ങൾക്ക് കാരണമാകും.” -ഡിസംബർ 13ന് വന്ന മുന്നറിയിപ്പിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

അതെസമയം ഇന്ത്യയിൽ സിക വൈറസ് ബാധ നിയന്ത്രണവിധേയമാണെന്നാണ് ഇന്ത്യൻ ആരോഗ്യമന്ത്രാലയം പറയുന്നത്.