X

28ന് സിദ്ധാര്‍ത്ഥ എന്നെ വിളിച്ചിരുന്നു, കാണാമോ എന്ന് ചോദിച്ചു: കഫേ കോഫി ഡേ ഉടമയുടെ തിരോധാനത്തില്‍ ഡികെ ശിവകുമാര്‍

സിദ്ധാര്‍ത്ഥയെ പോലെ ധൈര്യമുള്ള ഒരാള്‍ ജീവനൊടുക്കുമെന്ന് താന്‍ കരുതുന്നില്ല എന്ന സൂചനയും ശിവകുമാര്‍ നല്‍കുന്നു.

കഫേ കോഫി ഡേ സ്ഥാപക ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനം വലിയ ചര്‍ച്ചയായിരിക്കെ, സിദ്ധാര്‍ത്ഥ 28ന് തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍. കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയത് എന്ന് കരുതപ്പെടുന്ന കത്തുമായാണ് ശിവകുമാറിന്റെ ട്വീറ്റ്.

ജൂലായ് 27 എന്നാണ് കത്തില്‍ കാണുന്ന തീയതി. സിദ്ധാര്‍ത്ഥ തന്നെ 28ന് അതായത് ഞായറാഴ്ച വിളിച്ചു എന്നും കാണാന്‍ കഴിയുമോ എന്ന് ചോദിച്ചെന്നും ശിവകുമാര്‍ പറയുന്നു. സിദ്ധാര്‍ത്ഥയെ പോലെ ധൈര്യമുള്ള ഒരാള്‍ ജീവനൊടുക്കുമെന്ന് താന്‍ കരുതുന്നില്ല എന്ന സൂചനയും ശിവകുമാര്‍ നല്‍കുന്നു. സിദ്ധാര്‍ത്ഥയെ കാണാതായ വിവരമറിഞ്ഞയുടന്‍ ഇന്ന് പുലര്‍ച്ചെ ഡികെ ശിവകുമാര്‍, എസ്എം കൃഷ്ണയുടെ ബംഗളൂരുവിലെ വീട്ടിലെത്തിയിരുന്നു.

ഇന്നലെ വൈകീട്ടാണ് മംഗളൂരുവിലെ നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന സിദ്ധാര്‍ത്ഥയെ കാണാതായത്. പാലത്തില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയ ശേഷം ഡ്രൈവറോട് പാലത്തിനപ്പുറം കാറിട്ട് കാത്തിരിക്കാന്‍ പറയുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷവും കാണാതായതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ചറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഉദ്ദേശിച്ച രീതിയില്‍ ബിസിനസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും വലിയ സാമ്പത്തിക ബാധ്യതയുടെ സമ്മര്‍ദ്ദം ഇനിയും താങ്ങാന്‍ വയ്യെന്നുമാണ് കഫേ കോഫി ഡി ഡയറക്ടര്‍ ബോര്‍ഡിനുള്ള കത്തില്‍ വി ജി സിദ്ധാര്‍ത്ഥ പറയുന്നത്.

This post was last modified on July 30, 2019 1:20 pm