X

ശിവകുമാറിനെതിരായ കേസിലെ സംഖ്യകൾ ദിനംപ്രതി വലുതാകുന്നു; കോടതിയെ സ്വാധീനിക്കൽ ലക്ഷ്യമെന്ന് അഭിഭാഷകർ

ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരായ കേസുകളുടെ പരിഗണനായോഗ്യതകളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വിയുടെ വാദങ്ങള്‍. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദിനംപ്രതി കേസിലെ അന്വേഷണവിധേയമായ തുകയുടെ വലിപ്പം കൂട്ടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കോടതിയെ സ്വാധീനിക്കുന്നത് ലക്ഷ്യം വെച്ചുള്ള നീക്കമാണെന്ന് സിംഘ്‌വി വാദിച്ചു.

ശിവകുമാറിന്റെ പേരിൽ ആകെയുള്ളത് 20 ബാങ്ക് അക്കൗണ്ടുകളാണെന്നും എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കിൽ 317 അക്കൗണ്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എവിടെ നിന്നാണ് ഈ 317 എന്ന സംഖ്യം വന്നത്. 21ാമത്തെ അക്കൗണ്ട് എനിക്ക് കാട്ടിത്തരൂ. എങ്കിൽ ഞാൻ നിർത്താം,” സിംഘ്‌വി വാദിച്ചു.

ശിവകുമാറിന്റെ സഹോദരന്റെ പേരിലുള്ള 27 വസ്തുവകകളും കാർഷികേതര ഭൂമിയും സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തെ സിംഘ്‌വി ചോദ്യം ചെയ്തു. ഈ വസ്തുക്കളെല്ലാം വാങ്ങിയത് ശിവകുമാറിന്റെ പിതാവാണെന്നും കൈമാറിക്കിട്ടിയതാണെന്നും പറയുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിന്മേൽ നടത്തണമെന്ന് പറയുന്ന അന്വേഷണം എന്താണെന്നും ഈ സമീപനം തെറ്റാണെന്നും വാദിച്ചു.

ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇതിൽ ഉത്തരവ് സെപ്തംബർ 25ന് വരും. ഡൽഹിയിലെ ഒരു കോടതിയാണ് വാദം കേൾക്കുന്നത്.

ശിവകുമാറിനെ ഇപ്പോൾ പുറത്തുവിട്ടാൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. ശിവകുമാർ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് കോടതിയെ ബോധിപ്പിച്ചു.