X

ഡിസംബര്‍ ഒമ്പതിന്റെ വിഎച്ച്പി റാലികള്‍ ഡല്‍ഹിയിലെ മുസ്ലീം മേഖലകളില്‍; കലാപമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

രാഷ്ട്രീയ സ്വാധീനം കാരണം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പല ഉദ്യോഗസ്ഥരും പറഞ്ഞു.

ഡിസംബര്‍ ഒമ്പതിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിക്കാനിരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും ഇന്റലിജന്‍സ് മുന്നറിയിപ്പ്. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനായി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ബൈക്കുകളിലും ട്രക്കുകളിലുമായി ഡല്‍ഹിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് വിഎച്ച്പി പ്രധാനമായും പ്രകടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ചെറുതും വലുതുമായ കോളനികളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതിന്റെ മെഗാറാലിയ്ക്ക് മുന്നോടിയായി കഴിഞ്ഞ 15 ദിവസമായി 80,000ത്തിനടുത്ത് പേര്‍ യോഗങ്ങളില്‍ പങ്കെടുത്തതായി വിഎച്ച്പി വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു. റാലികള്‍ക്ക് പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട് എന്ന് വിനോദ് ബല്‍സല്‍ പറയുമ്പോള്‍ ഇത്തരത്തില്‍ ആരും അനുമതി ആവശ്യപ്പെട്ട് സമീപിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ദ ഹിന്ദുവിനോട് പറഞ്ഞു. രാഷ്ട്രീയ സ്വാധീനം കാരണം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പല ഉദ്യോഗസ്ഥരും പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ ലൗഡ് സ്പീക്കറിലൂടെ വിളിച്ചുപറഞ്ഞ് സ്‌കൂളുകളും ആശുപത്രികളും അടക്കമുള്ള ഇടങ്ങളുടെ സമീപത്തുകൂടിയും ഇവര്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. അക്രമം നടത്താത്തിടത്തോളം നടപടിയെടുക്കാനാവില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി പല ഉദ്യോഗസ്ഥരേയും വിവിധയിടങ്ങളില്‍ മഫ്തിയില്‍ നിയോഗിച്ചിട്ടുണ്ട്. വിഎച്ച്പി പരിപാടിക്ക് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ ജില്ലാ ഡിസിപിമാരുടേയും യോഗം കമ്മീഷണര്‍ അമൂല്യ പട്‌നായിക് വിളിച്ചുചേര്‍ത്തിരുന്നു.

This post was last modified on December 7, 2018 10:03 am

Related Post
Leave a Comment