X

അഖിലേഷ് മുലായത്തിനെ തല്ലിയിട്ടില്ല, എന്നാല്‍ തല്ലി എന്ന് നമ്മള്‍ പറയണം: തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് അമിത് ഷാ

ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണെങ്കില്‍ പോലും നമ്മളുടെ സന്ദേശങ്ങള്‍ വൈറലായി ജനങ്ങളിലേയ്‌ക്കെത്തണം - അമിത് ഷാ പറഞ്ഞു.

വാര്‍ത്ത സത്യമായാലും ബിജെപിക്ക് അനുകൂലമാകുന്ന വിധം പരമാവധി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം. രാജസ്ഥാനിലെ കോട്ടയില്‍ ബിജെപി സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോളാണ് അമിത് ഷാ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ ഫോളോ ചെയ്യുന്നവരെല്ലാം വിദേശികളാണ്. വാടകയ്‌ക്കെടുത്ത ഈ ഗുണ്ടകളെ പേടിക്കരുത്. നമ്മള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. വാര്‍ത്തകള്‍ വ്യാജമായാലും കുഴപ്പമില്ല. മെസേജുകള്‍ വൈറലാക്കൂ – സോഷ്യല്‍മീഡിയ വളണ്ടിയര്‍മാരോട് അമിത് ഷാ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിലവില്‍ ബിജെപി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ 32 ലക്ഷം പേര്‍ അംഗങ്ങളാണ് എന്ന് അവകാശപ്പെട്ട അമിത് ഷാ, എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ ഇവര്‍ മെസേജുകള്‍ അയ്ക്കുന്നതായി പറഞ്ഞു.

അഖിലേഷ് യാദവ് പിതാവ് മുലായം സിംഗ് യാദവിനെ തല്ലി എന്ന് പറഞ്ഞൊരു വാര്‍ത്ത നമ്മുടെ ഒരു വളണ്ടിയര്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. സത്യത്തില്‍ അത് വ്യാജ വാര്‍ത്തയായിരുന്നു. സംഭവം നടന്നതായി പറയുന്ന സമയം ഇരുവരും 600 കിലോമീറ്റര്‍ അകലത്തിലായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണെങ്കില്‍ പോലും നമ്മളുടെ സന്ദേശങ്ങള്‍ വൈറലായി ജനങ്ങളിലേയ്‌ക്കെത്തണം – അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ ഐടി സെല്‍, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങളും പരാതികളും ധാരളമുണ്ടെങ്കിലും ഇതാദ്യമാണ് തങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് ബിജെപി രംഗത്തെത്തുന്നത്.

ബിജെപിയുടെ 3 കോടി അംഗങ്ങളെ ‘കാണാനില്ല’; പ്രസംഗങ്ങളിൽ പല കണക്കുകളുമായി അമിത് ഷാ

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

This post was last modified on September 27, 2018 4:08 pm