X

“മോദി ‘അസാധു’വാക്കിയതെല്ലാം ഞങ്ങൾ സാധുവാക്കും”: രാഹുൽ‌ ഗാന്ധി

ന്യായ് പദ്ധതി ദാരിദ്ര്യത്തിനു നേര്‍ക്കുള്ള അവസാനത്തെ ആക്രമണമായിരിക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയതെല്ലാം തങ്ങൾ അധികാരത്തിലെത്തിയാൽ സാധുവാക്കുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ നോട്ട് അസാധുവാക്കൽ നടപടിയെ പരാമർശിച്ചായിരുന്നു രാഹുലിന്റെ ഈ പ്രസ്താവന. രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായി സംസാരിച്ച് താൻ തയ്യാറാക്കാനുദ്ദേശിക്കുന്ന ‘ന്യായ്’ പദ്ധതിയിലൂടെ ‘ഡീമോണിറ്റൈസ്’ ചെയ്തതെല്ലാം ‘റീമോണിറ്റൈസ്’ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ദാരിദ്ര്യം നിർമാർജനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് രാഹുൽ പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് ദരിദ്രര്‍ക്ക് മിനിമം കൂലി ഉറപ്പ് നൽകുന്ന പദ്ധതിയാണിത്. രാജ്യത്തെ 20 ശതമാനം വരുന്ന ദരിദ്രരിൽ ദരിദ്രരായവർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്നാണ് രാഹുൽ വാഗ്ദാനം ചെയ്യുന്നത്. നോട്ടുനിരോധനം മൂലം ഏറ്റവും കെടുതിയനുഭവിക്കുന്ന വിഭാഗം ഈ 20 ശതമാനമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ അനൗപചാരിക വ്യാപാര വ്യവസായമേഖലകള്‍ക്ക് വൻ തിരിച്ചടി നൽകിയ ‘ഗബ്ബർ സിങ് ടാക്സ്’ (GST), പരാജയപ്പെട്ട നോട്ടുനിരോധനം എന്നിവയിലൂടെ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് എല്ലാ പണവും തുടച്ചു നീക്കുകയാണ് മോദി ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ലക്ഷ്യങ്ങളാണ് തന്റെ ‘ന്യായ്’ പദ്ധതിക്കുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒന്ന് മിനിമം വരുമാനം ഉറപ്പാക്കലും രണ്ട് മോദിജി അസാധുവാക്കിയതെല്ലാം സാധുവാക്കലും.

കഴിഞ്ഞ അഞ്ചുവർഷക്കാലം മോദിജി പാവങ്ങളുടെ പക്കലുള്ളതെല്ലാം തട്ടിപ്പറിച്ചെടുക്കുകയും തിരിച്ചൊന്നും കൊടുക്കാതിരിക്കുകയും ചെയ്യുകയാണ് മോദി ചെയ്തതെന്ന് രാഹുൽ‌ ആരോപിച്ചു. കർഷകരിൽ നിന്നും ചെറുകിട, ഇടത്തരം കച്ചവടക്കാരിൽ നിന്നും മോദി പിടിച്ചുപറി നടത്തി. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യായ് പദ്ധതി ദാരിദ്ര്യത്തിനു നേര്‍ക്കുള്ള അവസാനത്തെ ആക്രമണമായിരിക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

This post was last modified on March 28, 2019 6:56 pm

Related Post
Leave a Comment