X

ജാമ്യമെടുക്കാനെത്തിയ കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി റിമാൻഡിൽ; പിടിയിലായത് ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിലെ പിടികിട്ടാപുള്ളി

പ്രകാശ് ബാബു മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു.

കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു റിമാൻഡിൽ. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ കൂടിയായ ഇദ്ദേഹം തനിക്കെതിരെയുള്ള കേസുകളിൽ ജാമ്യമെടുക്കാനാണ് കോടതിയിലെത്തിയത്. ശബരിമലയിൽ ചിത്തിര ആട്ടവിശേഷനാളിലുണ്ടായ അക്രമങ്ങളിൽ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനിന്നിരുന്നു. ക്രിമിനൽ കേസുകളിൽ ജാമ്യം കിട്ടിയെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക നൽകാനാകൂ.

ഏപ്രിൽ നാലിനു മുമ്പ് പത്രിക സമർപ്പിക്കണമെന്നിരിക്കെയാണ് പ്രകാശ് ബാബു കുടുങ്ങിയിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ചതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെ ഉള്ളത്. സ്ത്രീകളെ തടഞ്ഞതും പൊലീസ് വാഹനങ്ങൾ തകർത്തതുമെല്ലാം ഇവയിലുള്‍പ്പെടുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് പൊലീസ് വാഹനങ്ങൾ തകർത്തത്.

റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രകാശ് ബാബുവിനെ ഇന്ന് ഹാജരാക്കിയത്. ഇദ്ദേഹത്തെ നാളെ ജില്ലാ കോടതിയിൽ ഹാജരാക്കും. കലാപശ്രമവും വധശ്രമവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 52 വയസ്സുള്ള തൃശ്ശൂർ സ്വദേശിനി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനിടയിൽ പ്രകാശ് ബാബു ആക്രമിച്ചതെന്നതാണ് കുറ്റം.

പ്രകാശ് ബാബു മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു.

This post was last modified on March 28, 2019 8:45 pm