X

മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ: കാര്‍ഷികോല്‍പാദനം ആശങ്കയില്‍; സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലേക്ക്?

2018ല്‍ രാജ്യത്തെമ്പാടുമുണ്ടായ വരള്‍ച്ചയുടെ കെടുതികളില്‍ നിന്നും ഗ്രാമങ്ങള്‍ ഇനിയും കരകയറിയിട്ടില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മണ്‍സൂണ്‍ മഴ ഇനിയും ശരിയായി എത്തിച്ചേരാത്തതില്‍ ആശങ്കയുയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ച മഴ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശരാശരിയിലും താഴെയാണ്. ഇതോടെ രാജ്യത്തെ പ്രധാന വിളകളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തികവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ മണ്‍സൂണിന്റെ മോശം പ്രകടനത്തെ ആശങ്കയോടെയാണ് മാന്ദ്യത്തില്‍ കഴിയുന്ന രാജ്യം നോക്കിക്കാണുന്നത്.

രാജ്യത്തിന്റെ 55 ശതമാനം കാര്‍ഷികനിലങ്ങളും ആശ്രയിക്കുന്നത് മഴയെയാണ്. ജലസേചന പദ്ധതികള്‍ ഇനിയും വളര്‍ന്നിട്ടില്ലാത്ത നാടുകളിലെ കൃഷിയെയാണ് സാമ്പത്തികവ്യവസ്ഥ കാര്യമായി ആശ്രയിക്കുന്നത്. ഏഷ്യയുടെ മൂന്നാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യ. ഈ സാമ്പത്തികവ്യവസ്ഥയുടെ 15 ശതമാനവും കൃഷിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സാമ്പത്തികവ്യവസ്ഥയുടെ വളര്‍ച്ച ഏറെ പിന്നിലാണ്. വരുന്ന ആഴ്ചകളില്‍ മഴ ശരിയായി കിട്ടിയില്ലെങ്കില്‍ മാന്ദ്യം ശക്തമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

കൃഷി തളരുന്നതോടെ കര്‍ഷകരും കാര്‍ഷിക അനുബന്ധ വ്യവസായങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രതിസന്ധിയിലാകും. ട്രാക്ടറുകളടക്കമുള്ള ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളും പ്രശ്നത്തിലാകും. അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ മണ്‍സൂണ്‍ ശരിയായി പെയ്തില്ലെങ്കില്‍ ഈ സീസണ്‍ മൊത്തം പോകുമെന്നാണ് കാര്‍ഷികരംഗത്തുള്ളവര്‍ പറയുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ മഴലഭ്യതയുടെ ശരാശരിയെക്കാള്‍ 24% കുറവാണ് ലഭിച്ചിട്ടുള്ള മഴയെന്ന് ഇന്ത്യന്‍ മെറ്റീറോളജിക്കല്‍ വകുപ്പ് പറയുന്നു. ചില മേഖലകളില്‍ മഴലഭ്യത ഇതിനെക്കാള്‍ കുറവാണ്. മധ്യപ്രദേശിന്റെ കിഴക്കന്‍ മേഖലകളില്‍ മഴലഭ്യത മുന്‍കാലങ്ങളെക്കാള്‍ 69% കുറവാണ്. സോയാബീന്‍ ഉല്‍പാദിപ്പിക്കുന്ന ഇടങ്ങളാണിവിടെ അധികവും.

2018ല്‍ രാജ്യത്തെമ്പാടുമുണ്ടായ വരള്‍ച്ചയുടെ കെടുതികളില്‍ നിന്നും ഗ്രാമങ്ങള്‍ ഇനിയും കരകയറിയിട്ടില്ല. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച തുടരുകയാണ്. പ്രശ്നത്തിന്റെ രൂക്ഷത കുറയ്ക്കണമെങ്കില്‍ ഇത്തവണ മണ്‍സൂണ്‍ മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വരള്‍ച്ച രൂക്ഷം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലും മധ്യപ്രദേശിലും വരള്‍ച്ച കടുത്തതാണ്.

ഇന്ത്യന്‍ മെറ്റാറോളജിക്കല്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഈ വര്‍ഷം ശരാശരി മഴയേ ലഭിക്കൂ. രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം സ്കൈമെറ്റ് പറയുന്നത് സാധാരണയിലും താഴെ മാത്രം മഴയേ ലഭിക്കൂ എന്നാണ്.

This post was last modified on June 28, 2019 6:36 am