X

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചാടിയ രണ്ട് തടവുകാര്‍ പിടിയില്‍

കൃഷിത്തോട്ടത്തില്‍ നില്‍ക്കുന്ന മുരിങ്ങ മരത്തില്‍ കയറിയാണ് ഇവര്‍ മതില്‍ ചാടിക്കടന്നതെന്ന് പറയുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചാടിയ രണ്ട് തടവുകാരെ പൊലീസ് പിടികൂടി. ചെക്ക് കേസ്, മോഷണ കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പയുമാണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പാലോടിനടുത്ത് അടുക്കുംതറയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ജയിലിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇവര്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. വനിതാജയിലില്‍ നിന്ന് തടവ് ചാടുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇരുവരും ജയില്‍ ചാടിയെന്ന വിവരം അറിയുന്നത്. ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയാണ്. മോഷണ കേസില്‍ പ്രതിയായാണ് സന്ധ്യാ മോള്‍ ജയിലില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തന്നെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്‌റ്റേഷനുകളിലെ റിമാന്‍ഡ് പ്രതികളാണ് ഇവര്‍.

ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജയില്‍ പരിസരത്ത് എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നു. ഇതിനിടെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലെത്തിയിരുന്നു. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയിലിനു പിന്നിലുള്ള മതില്‍ ചാടിക്കടന്ന് ഇരുവരും രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. കൃഷിത്തോട്ടത്തില്‍ നില്‍ക്കുന്ന മുരിങ്ങ മരത്തില്‍ കയറിയാണ് ഇവര്‍ മതില്‍ ചാടിക്കടന്നതെന്ന് പറയുന്നു.

This post was last modified on June 28, 2019 6:31 am