X

തെരഞ്ഞെടുപ്പ് കാലത്തെ ടി.വി ചാനലുകള്‍, നമോ ടിവിയുടെയും ഭാരത് വര്‍ഷയുടെയും അവതാരോദ്ദേശ്യമെന്ത്?

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ അടക്കമുള്ളവരെ ഒളിക്യാമറയില്‍ കുടുക്കിയെങ്കിലും ടിവി 9 ഭാരത് വര്‍ഷയുടെ ലക്ഷ്യമെന്തെന്നത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല

എം കെ രാഘവന്‍ ഭൂമി ഇടപാടില്‍ പണം ആവശ്യപ്പെട്ടതായുള്ള ഒളി ക്യാമറ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന ദിവസം തന്നെ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുന്ന വാര്‍ത്ത പുറത്തുവന്നത് യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ തരിച്ചടിയായിരിക്കയാണ്. ഒളി ക്യമാറ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും തെളിയിക്കപ്പെടാനാണ് ഇരിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഈ സംഭവം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. വാര്‍ത്താ സംഭവം ഗൗരവമായ പ്രശ്‌നമാണെന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ അതിനപ്പുറം രാഘവനെയും ബിജെപി എംപിമാരെ അടക്കം കുടുക്കിയ ഒളിക്യമാറ ഓപ്പറേഷന്‍ നടത്തിയ ചാനലിന്റെ പിറകില്‍ ആരാണ്? രാഷ്ട്രീയ താത്പര്യങ്ങളോടെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമായി ഉദയം ചെയ്യുന്ന ടെലിവിഷന്‍ ചാനലുകളില്‍പ്പെട്ടതാണോ ടിവി 9 ഭാരത് വര്‍ഷ? ടിവി 9 മാത്രമല്ല, നമോ ടിവിയും അതിന്റെ പേരുകൊണ്ടും പ്രവര്‍ത്തന രീതികൊണ്ടും ഇതിനകം വിവാദമായി കഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 30 -ാം തീയതിയായിരുന്നു അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിംങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ടിവി 9 ഭാരത് വര്‍ഷ് ആരംഭിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഊന്നി, ദേശീയ ടെലിവിഷന്‍ ചാനലുകളുടെ പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായാരിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ചാനലിന്റെ വരവ്. ഇന്ത്യ ടിവിയുടെ മുന്‍ എഡിറ്റര്‍ ഹേമന്ത് ശര്‍മ, ഇന്ത്യ ടിവിയുടെ മുന്‍ മാനേജിംങ് എഡിറ്റര്‍ അജിത്ത് അന്‍ജും എന്നിവരുടെ നേതൃത്വത്തിലാണ് ചാനല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചാനല്‍ ഉദ്ഘാടനം ചെയ്തത്. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ചിലരാണ് ചാനലില്‍ ഉള്ളതെന്നായിരുന്നു ഉദ്ഘാടന വേദിയില്‍ മോദി പറഞ്ഞത്. ഇതിന് മറുപടിയായി ചാനലിന്റെ സിഇഒ രവി പ്രകാശ് പറഞ്ഞത് ഞങ്ങള്‍ എല്ലാറ്റിലും മാറ്റം വരുത്തമെന്നായിരുന്നു.
ചാനല്‍ ഇന്നലെ പുറത്തുവിട്ട ഒളിക്യാമറിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, നാല് ബിജെപി എംപിമാരും കുടുങ്ങിയിട്ടുണ്ട്. ബിഎസ്പിയില്‍നിന്ന് ബിജെപിയിലെത്തി എംപിമായ ദളിത് നേതാവ് കൂടിയായ ഉദിത്ത് രാജും ഇതില്‍ ഉള്‍പ്പെടുന്നു. ബിജെപി നേതൃത്വവുമായി കഴിഞ്ഞ കുറച്ചുകാലമായി നല്ല ബന്ധത്തിലായിരുന്നില്ല ഉദിത്ത് രാജ്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ നടക്കുന്ന ആക്രമണമായിരുന്നു ഉദിത്ത് രാജിനെ ബിജെപിയുടെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. രാംവിലാസ് പസ്വാന്റെ സഹോദരനും ഒളിക്യാമറയില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

ചാനലിന്റെ വാര്‍ത്തവിഭാഗം തലവനായ ഹേമന്ത് ശര്‍മ്മ നേരത്ത ഇന്ത്യാ ടിവിയില്‍ ആയിരുന്നു. അദ്ദേഹത്തിനെതിരെ സിബിഐയുടെ അന്വേഷണം നടക്കുന്ന കാര്യം ഇദ്ദേഹം ഇന്ത്യ ടിവി വിട്ട സമയത്ത് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതിയായ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നതിന് ഇയാളെ സിബിഐ ചോദ്യം ചെയ്തതിന് ശേഷമാണ് ഹേമന്ത് ഇന്ത്യ ടിവി വിട്ടത്. നരേന്ദ്ര കുമാര്‍ സിംങ എന്നയാള്‍ ചെയര്‍മാനായ വേള്‍ഡ് കോളെജ് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിന് കീഴിലുള്ള 32 കോളെജുകള്‍ക്കാണ് പ്രവര്‍ത്താനുമതി നിഷേധിച്ചത്. അനുമതി പുനഃസ്ഥാപിക്കാന്‍ ഇവര്‍ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി നരേന്ദ്ര കുമാറിനും കൂട്ടര്‍ക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ഹേമന്ദ് ശര്‍മ്മ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് സൂചന ലഭിച്ചതും സിബിഐ ഇയാളെ ചോദ്യം ചെയ്തതും.

ടിവി 9 ഭാരത് വര്‍ഷയ്ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമുള്ളവരാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്തായാലും ചാനലിന്റെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത ഇതുവരെ നീക്കാന്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇതുപോലെയാണ് നമോ ടിവിയുടെ വരവും. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ്, മാര്‍ച്ച് 31-ന് നമോ ടിവി സംപ്രേഷണം തുടങ്ങിയതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കയാണ്. മുഴുവന്‍ സമയ വാര്‍ത്ത ചാനലല്ലെന്നാണ് വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ സമീപനം. അതുകൊണ്ട് സംപ്രേഷണം തടയാന്‍ കഴിയില്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. നമോ ടിവി സംബന്ധിച്ച എല്ലാ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും ബിജെപിയാണ് നടത്തുന്നത്. ഗുജറാത്ത് സംസ്ഥാന ബിജെപി നേതൃത്വം നമോ ടിവിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 2012 ലാണ് ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ നാല് പ്രാദേശിക ടെലിവിഷന്‍ ചാനലുകളുമായി ധാരണയിലെത്തിയിരുന്നു. അക്കാലത്തുതന്നെയാണ് namotv.com റജിസ്റ്റര്‍ ചെയ്തത്. 2012 ഒക്ടോബറില്‍ സംപ്രേഷണം തുടങ്ങിയെങ്കിലും ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ചാനലിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. ചാനലിന്റെ ചിലവ് ബിജെപിയുടെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പിന്നീട് 2019-ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍, ബിജെപി പരിപാടികള്‍ എന്നിവയാണ് ചാനലില്‍ പ്രധാനമായും  സംപ്രേഷണം ചെയ്യുന്നത്. സാധാരണ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ട അനുമതിയൊന്നും ഇല്ലാതെയാണ് ചാനലിന്റെ പ്രവര്‍ത്തനം. ഒരു പരസ്യ പ്ലാറ്റ്‌ഫോമായാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ ന്യൂസ് ചാനലുകളുടെ അനുമതി ആവശ്യമില്ലെന്നുമാണ് വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തകള്‍ക്കുളള മാര്‍ക്കറ്റ് ഉപയോഗിച്ച് നിലനില്‍ക്കുകയാണോ, തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ ഭാഗമാകുകയാണോ പുതുതായി വരുന്ന ചാനലുകള്‍ എന്നാണ് അറിയാന്‍ ബാക്കിയുള്ളത്.

This post was last modified on April 4, 2019 1:56 pm

Related Post
Leave a Comment