X

ലൈംഗിക ന്യൂനപക്ഷങ്ങളെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ബ്രൂണെയിലെ ശരീഅത്തിലൂന്നിയ നിയമം; പ്രതിഷേധവുമായി ലോകം

ശരിയത്ത് നിയമങ്ങൾ അനുസരിച്ച് ഇപ്പോൾ വിവാഹേതര ബന്ധങ്ങൾ കൊണ്ട് ഗർഭമുണ്ടാകുന്നതും വെള്ളിയാഴ്ച്ച നമസ്കാരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതും കുറ്റകൃത്യങ്ങളാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളെ കല്ലെറിഞ്ഞ് കൊല്ലാനും ചാട്ടവാറുകൊണ്ടടിക്കാനും വിധിക്കുന്ന ബ്രൂണെയുടെ ഇസ്ലാമിക് ശരീഅത്തിലൂന്നിയ പുതിയ നിയമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. സ്വവർഗാനുരാഗികളെയും വിവാഹേതര ബന്ധത്തിലേർപ്പെടുന്നവരെയും ക്രിമിനൽ കുറ്റവാളികളായി കണക്കാക്കുകയും അവർക്കു നേരെ പൈശാചികമായ ശാരീരിക ദണ്ഡനമുറകൾ പ്രയോഗിക്കുകയും ചെയ്യുന്നതിനെതിരെയാണ് സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തുന്നത്. നിയമങ്ങൾ അടുത്തയാഴ്ച മുതൽ നടപ്പിൽ വരുത്തിയേക്കുമെന്നാണ് ബ്രൂണെ സുൽത്താൻ അറിയിച്ചിരുന്നത്. സുൽത്താന്റെ കൂടി ഉടമസ്ഥതയിലുള്ള, അമേരിക്കയിലെയും യൂറോപ്പിലെയും ആഡംബര ഹോട്ടലുകൾ പ്രതിഷേധത്തിന്റെ ഭാഗമായി സെലിബ്രിറ്റികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചു.

ജോർജ്ജ് ക്ലൂനെ, എൽട്ടൻ ജോൺ, എല്ലൻ ഡീജനെറേസ് തുടങ്ങിയ പ്രമുഖരാണ് ഹോട്ടലുകൾ ബഹിഷ്കരിക്കാൻ മുൻകൈയെടുത്തത്.’ നമ്മൾ ഈ ഹോട്ടലുകളിൽ ചെലവഴിക്കുന്ന, ഭക്ഷണം കഴിക്കുന്ന ഓരോ പൈസയും ട്രാൻസ്‍ജെൻഡറുകളെ കല്ലെറിഞ്ഞ് കൊല്ലാൻ പറയുന്നവരുടെ പോക്കറ്റുകളിലേക്കാണ്  വീഴുന്നത്. ‘ഡെഡ് ലൈൻ   ഹോളിവുഡ്’ എന്ന മാധ്യമത്തിലെഴുതിയ ഒരു ഗെസ്റ്റ് കോളത്തിൽ ജോർജ്ജ് ക്ലൂനെ തന്റെ നിലപാട് വ്യക്തമാക്കി. ഹോട്ടലുകൾ മുൻപ് തന്നെ ബുക്ക് ചെയ്തിരുന്ന പലരും അത് കൂട്ടത്തോടെ പിൻവലിച്ചു.

2014 ലാണ് സുൽത്താൻ ഹസ്സനൽ ബോൾകൈഹ് ശരീഅത്ത് നിയമങ്ങൾ നടപ്പിൽ വരുത്തിയത്. അതിനു മുൻപ് തന്നെ സ്വവർഗ്ഗാനുരാഗം രാജ്യത്ത് പത്ത് വര്ഷം വരെ കഠിന തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നു. ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് ഇപ്പോൾ വിവാഹേതര ബന്ധങ്ങൾ കൊണ്ട് ഗർഭമുണ്ടാകുന്നതും വെള്ളിയാഴ്ച്ച നമസ്കാരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതും കുറ്റകൃത്യങ്ങളാണ്. രാജ്യത്തിൽ ഭൂരിഭാഗം പേരും മുസ്‌ലിം മതവിശ്വാസികളാണ്. രാജ്യത്ത് ജീവിക്കുന്ന മറ്റ് മതത്തിൽപെട്ടവരും ശരീഅത്ത് നിയമങ്ങൾ അനുസരിക്കണം. ലോകത്തിൽ ഇസ്ലാമിന്റെ ആധിപത്യം ഉയർത്തിപിടിക്കുവാനും സ്ഥാപിക്കാനുമാണ് ശരീഅത്ത് നിയമങ്ങൾ നടപ്പിൽ വരുത്തുന്നതെന്നാണ് സുൽത്തന്റെ പക്ഷം.

വിവിധ ലോക രാജ്യങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാണെങ്കിലും  രാജ്യത്തിനകത്ത് കാര്യമായ പ്രതിഷേധങ്ങളൊന്നും സുൽത്താന്റെ സർവ്വാധിപത്യത്തിനെതിരെ ഉയർന്ന് വന്നിട്ടില്ല. ‘ബ്രൂണെയിൽ ജീവിക്കുമ്പോൾ എന്റെ  ലൈംഗിക സ്വത്വം എനിക്ക് വെളിപ്പെടുത്താനാകില്ല. എന്റെ സ്വത്വം അവിടെ കുറ്റകൃത്യമാണ്. എനിക്ക് ഞാൻ എന്താണെന്ന് പ്രകടിപ്പിക്കാനാകില്ല. ഞങ്ങൾ എല്ലാ തരത്തിലും ഇവിടെ തരം താഴുകയാണ്.’ ‘ബ്രൂണെയിലെ ഒരു LGBTQ അംഗം ദി ഗാർഡിയനോട് പറയുന്നു.

 

Related Post
Leave a Comment