X

ഡെലിവറി ബോയ് അഹിന്ദു ആയതിനാൽ ഭക്ഷണം വേണ്ടെന്നു പറഞ്ഞ ശുക്ലയോട്, പോയി പണി നോക്കാൻ പറഞ്ഞ സോമാറ്റൊ സ്ഥാപകൻ ദീപീന്ദർ ഗോയൽ ചില്ലറക്കാരനല്ല

ദീപീന്ദർ ജനിച്ചതും വളർന്നതും പഞ്ചാബിലാണ്. ഇദ്ദേഹത്തിന്റേത് ഒരു സാധാരണ മധ്യവർഗ കുടുംബമായിരുന്നു.

ദീപീന്ദർ ഗോയൽ എന്ന പേര് രണ്ടുദിവസം മുമ്പു വരെ അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ബിസിനസ് സംരംഭകർക്കിടയിലും ബിസിനസ് പഠിതാക്കൾക്കിടയിൽ വിജയിയായ ഒരു സംരംഭകൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. എങ്കിലും ദീപീന്ദറിന്റെ ഉൽപ്പന്നം ഉപയോഗിക്കുന്നവർ പോലും ആ പേര് അറിയുന്നവരല്ല. സൊമാറ്റോ എന്ന പേരിൽ നമ്മുടെയെല്ലാം സ്മാർട്ഫോണുകളിലുള്ള ആപ്ലിക്കേഷന്റെ ഉടമയാണ് ദീപീന്ദർ.

മൂല്യബോധം കൈവിടാതെയുള്ള ബിസിനസ് മാതൃകയാണ് ദീപീന്ദറിന്റേതെന്ന് തെളിയിക്കുന്ന ഒരു ട്വീറ്റ് ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഹാൻഡിലിൽ നിന്നും വന്നു. അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവരുന്ന ഭക്ഷണം തനിക്ക് വേണ്ടെന്നു പറഞ്ഞ ഉപഭോക്താവിനോട് താങ്കൾ കഴിക്കേണ്ട എന്ന് തുറന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിച്ചു. രാജ്യത്തെ മതേതര മനോഭാവമുള്ള പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് സൊമാറ്റോയ്ക്കും ദീപീന്ദറിനും ലഭിച്ചത്. സൊമാറ്റോയുടെ എതിരാളിയായ ഉബർ ഈറ്റ്സും ദീപീന്ദറിന് പിന്തുണയുമായി രംഗത്തെത്തി.

വാർത്തകളിൽ സൊമാറ്റോയും ദീപീന്ദറും നിറയുമ്പോൾ ആരാണ് അവരെന്ന് എല്ലാവർക്കുമുള്ളിൽ ഒരു ചോദ്യമുയർന്നിട്ടുണ്ടാകും. അതിനുള്ള ഉത്തരമാണ് താഴെ.

സൊമാറ്റോ ഡോട്ട് കോം

ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട് 24 ലോകരാജ്യങ്ങളിലേക്ക് പടർന്നു വലുതായ റെസ്റ്ററന്റ് അഗ്രിഗേഷൻ സേവനദാതാക്കളാണ് സൊമാറ്റോ. 2008ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെടുന്നത്. ദീപീന്ദർ ഗോയലും പങ്കജ് ചദ്ദയും ചേർന്ന് ഈ സ്റ്റാർട്ടപ്പിന് തുടക്കമിടുമ്പോൾ ഇന്ത്യൻ വിപണിയിൽ ഇത്തരം കമ്പനികൾ അധികമൊന്നും ഉണ്ടായിരുന്നില്ല. മത്സരം ഇത്രയേറെ കടുത്തിരുന്നതുമില്ല. വെറും 26 വയസ്സ് പ്രായമുള്ളപ്പോഴാണ് ദീപീന്ദർ ഈ സംരംഭം തുടങ്ങിയത്. ഒരു ഇന്ത്യൻ കമ്പനിയെ സംബന്ധിച്ചിടത്തോളം എത്തിപ്പിടിക്കാൻ പ്രയാസമുള്ള ഉയരങ്ങളിലേക്കാണ് ഈ സ്ഥാപനം വളർന്നത്. ഇതിനു പിന്നിൽ സംരംഭകരുടെ നവീനാശയങ്ങളും കഠിനാധ്വാനവും തന്നെയാണുള്ളത്. ഇതോടൊപ്പം വിടാതെ മുറുകെ പിടിക്കുന്ന ചില മൂല്യങ്ങളും ഇരുവരെയും നയിക്കുന്നു.

ഹോട്ടൽ മെനുകൾ സ്കാൻ ചെയ്ത് കോണ്ടാക്ട് നമ്പർ സഹിതം വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുക എന്നതു മാത്രമായിരുന്നു സൊമാറ്റോ തുടങ്ങുമ്പോഴത്തെ ആശയം. ഭക്ഷണം ഉപഭോക്താക്കൾക്ക് ഫോൺ വഴി ഓർഡർ ചെയ്യാൻ കഴിയും.

ദീപീന്ദർ ഗോയൽ

ദീപീന്ദർ ജനിച്ചതും വളർന്നതും പഞ്ചാബിലാണ്. ഇദ്ദേഹത്തിന്റേത് ഒരു സാധാരണ മധ്യവർഗ കുടുംബമായിരുന്നു. ദീപീന്ദറിന് ഭക്ഷണത്തോട് വലിയ താൽപര്യമായിരുന്നു. അഥവാ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ് ദീപീന്ദർ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് 2005ൽ ബിരുദപഠനം കഴിഞ്ഞിറങ്ങിയയാളാണ് ദീപീന്ദർ ഗോയൽ. പഠനം കഴിഞ്ഞപ്പോൾ ഏതൊരു യുവാവിനെയും പോലെ തൊഴിൽ തേടിയിറങ്ങുക തന്നെയാണ് ദീപീന്ദർ‌ ഗോയലും ചെയ്തത്. 2006ൽ ബെയിൻ ആൻഡ് കമ്പനിയിൽ സീനിയർ അസോസിയേറ്റ് കൺസൾട്ടന്റ് ആയി ദീപീന്ദർ ജോലിയിൽ പ്രവേശിച്ചു. അടുത്ത രണ്ടു വർഷക്കാലം കൺസൾട്ടിങ് മേഖലയിൽ നേടിയെടുത്ത പരിചയവും മറ്റും വെച്ച് Foodiebay.com എന്നൊരു വെബ്സൈറ്റ് ദീപീന്ദർ തുടങ്ങി. ഈ വെബ്സൈറ്റാണ് പിന്നീട് Zomato.com ആയി മാറിയത്.

ബെയിൻ ആൻഡ് കമ്പനിയിലെ കഫറ്റീരിയയിൽ ചായ മോന്തിയിരിക്കുമ്പോൾ തോന്നിയ ആശയമാണ് സൊമാറ്റോയിലേക്ക് നയിച്ചത്. ആളുകൾ ഭക്ഷണം ഓർ‌ഡർ ചെയ്യാൻ മെനു പരിശോധിക്കുന്നത് ദീപീന്ദറിന്റെ ശ്രദ്ധയിൽ പെട്ടു. ഓരോ ഹോട്ടലിന്റെയും ഒന്നോ രണ്ടോ മെനുവാണ് കഫറ്റീരിയയിൽ ലഭ്യമായിരുന്നത്. ഏറെ നേരമെടുത്ത്, പലപ്പോഴും ക്യൂ നിന്ന് അവയിൽ നിന്നും ഓർഡർ ചെയ്യുന്നത് കണ്ടപ്പോൾ ദീപീന്ദറിന്റെ തലയിൽ സംഭവം കത്തി. പരിസരത്തുള്ള എല്ലാ ഹോട്ടലുകളുടെയും മെനു സ്കാൻ ചെയ്ത് ഒരു വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ കൂടുതൽ സൗകര്യമാകുമെന്ന് അദ്ദേഹത്തിനു തോന്നി. ബെയിൻ ജീവനക്കാരെ ലക്ഷ്യമിട്ട് തുടങ്ങിയ ഈ വെബ്സൈറ്റിലേക്ക് വൻതോതിൽ ആളുകൾ വരാന്‍ തുടങ്ങിയപ്പോഴാണ് ദീപീന്ദർ സംഗതി കുറെക്കൂടി ഗൗരവത്തിലെടുക്കാമെന്ന് കരുതിയത്. തന്റെ സുഹൃത്തും ബെയിനിൽ തന്നെ ജോലി ചെയ്യുന്നയാളുമായ പങ്കജ് ചദ്ദയ്ക്കൊപ്പം ദീപീന്ദർ ജോലി തുടങ്ങി. 2008ൽ Foodiebay.com സ്ഥാപിതമായി.

ഇവിടെ നിന്നും പിന്നീട് വളർച്ചയുടെ കഥയാണ് സൊമാറ്റോയ്ക്ക് പറയാനുള്ളത്.

സംരംഭകനാകാനും നല്ല ഭക്ഷണം കഴിക്കാനുമുള്ള ആശയാണ് ദീപീന്ദറിനെ എപ്പോഴും നയിച്ചിരുന്നത്. എന്താണ് സൊമാറ്റോ എന്ന സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന്, ബിസിനസ്സിന്റെ ആദ്യ നാളുകളിൽ ദീപീന്ദർ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു: “വിശന്നിരിക്കുന്ന ആരെയും ഞങ്ങൾ ലക്ഷ്യമിടുന്നു.”

എവിടെ ഭക്ഷണം കഴിക്കണമെന്ന കാര്യം ആലോചിച്ചു തുടങ്ങുക വിശക്കുമ്പോൾ മാത്രമായിരിക്കും. അതാണ് നഗരജീവിതം. നാഗരികനെ കൃത്യമായ തീരുമാനമെടുക്കാൻ സഹായിക്കുക എന്നതാണ് തന്റെ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

This post was last modified on August 1, 2019 10:30 pm