പ്രണയലേഖനങ്ങള്‍ എപ്പോഴും കിട്ടണം എന്നാഗ്രഹിക്കുന്നയാളാണ് താനെന്ന് നടൻ മോഹൻലാൽ. റോഡിയോ മാംഗോ ഒരുക്കിയ ലൂസിഫര്‍ ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് മോഹന്‍ലാലിനെ തേടി രസകരമായ നിരവധി ചോദ്യങ്ങളെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പല പ്രായത്തിലുള്ള ആളുകളായിരുന്നു മോഹന്‍ലാലിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ടാണ് അദ്ദേഹം പ്രണയത്തെക്കുറിച്ചും പ്രണയലേഖനങ്ങളെക്കുറിച്ചും സംസാരിച്ചത്.
‘എപ്പോഴും പ്രണയലേഖനങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം. ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ ഇന്നത്തെ പോലെ പരസ്പരം ആശയ വിനിമയത്തിന് വലിയ സംവിധാനങ്ങളൊന്നുമില്ല. ഇന്നങ്ങനെയല്ല. കംപ്യൂട്ടറും മെസേജുകളുമൊക്കെയായി വലിയ സാധ്യതകളാണ്. അത്തരം വലിയ സാധ്യതകളിലേക്ക് പോകാതെ നമ്മളാല്‍ കഴിയുന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്നു’- മോഹൻലാൽ പറഞ്ഞു.
അഭിനയിക്കുന്ന കാലത്ത് റോള്‍ മോഡല്‍ ആരായിരുന്നു എന്ന ചോദ്യത്തിന് അതെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിട്ടില്ലെന്നായിരുന്നു ലാല്‍ പറഞ്ഞത്. ‘ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തേ നടനാണ്. പതിനേഴാം വയസ്സിലാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണം എന്നൊന്നും ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ റോള്‍ മോഡലുണ്ടായിരുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് ഡിഗ്രി കഴിഞ്ഞിട്ടു മതി സിനിമ എന്ന് വീട്ടുകാര്‍ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ അവസരത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നത്. ലൊക്കേഷനില്‍ വച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയില്‍ സജീവമായതോടെ ഒന്നിനു പിറകെ ഒന്നായി സിനിമകളായി. റോള്‍ മോഡലെന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. അഭിനേതാക്കളില്‍ ഒത്തിരി പേരെ ഇഷ്ടമാണ്. അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുമുണ്ട്.’ ലാല്‍ പറഞ്ഞു കൂട്ടിചേർത്തു
Leave a Comment