X

ഞാന്‍ എന്തുകൊണ്ട് ജനറല്‍സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും രാജി വയ്ക്കുന്നു? സുന്ദരയ്യ പറഞ്ഞ 10 കാരണങ്ങള്‍

സുന്ദരയ്യ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അടിയന്തരാവസ്ഥയോടുള്ള പാര്‍ട്ടിയുടെ സമീപനവും പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി ജനസംഘത്തോടും ആര്‍എസ്എസിനോടുമുള്ള ഐക്യപ്പെടല്‍ എന്ന വിമര്‍ശനവുമാണ്.

ബിജെപി – സംഘപരിവാര്‍ ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതനിരപേക്ഷ കക്ഷികളോടുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമീപനങ്ങളിലും അടവുനയത്തിലും മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയ ലൈന്‍ സിപിഎം കേന്ദ്രകമ്മിറ്റി ഇന്നലെ വോട്ടിനിട്ട് തള്ളിയിരുന്നു. സിപിഎമ്മിനകത്ത് വലിയ ഭിന്നതകള്‍ക്കും പ്രതിസന്ധിക്കും വഴി തുറന്നിരിക്കുന്ന ഈ തര്‍ക്കം പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ കാലത്തിന് ശേഷമുണ്ടായ ഗൗരവമുള്ള ഉള്‍പ്പാര്‍ട്ടി സമരമാണ്. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനവും പൊളിറ്റ് ബ്യൂറോ അംഗത്വവും രാജി വയ്ക്കാനിടയാക്കിയ സാഹചര്യം പ്രസക്തമാണ്.

സുന്ദരയ്യ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അടിയന്തരാവസ്ഥയോടുള്ള പാര്‍ട്ടിയുടെ സമീപനവും പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി ജനസംഘത്തോടും ആര്‍എസ്എസിനോടുമുള്ള ഐക്യപ്പെടല്‍ എന്ന വിമര്‍ശനവുമാണ്. മാത്രമല്ല അടിയന്തരാവസ്ഥക്കെതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയുടെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും എതിരായ പ്രതിപക്ഷ ഐക്യമുന്നണിയില്‍ ഏതൊക്കെ കക്ഷികളുമായി ഐക്യമോ ധാരണയോ ആകാം, ആകരുത് എന്നത് സംബന്ധിച്ച് സുന്ദരയ്യയുടെ നിലപാട് തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിലൂടെ തങ്ങളും പിന്തുടരുന്നത് എന്ന്, വേണമെങ്കില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് വാദിക്കാന്‍ ഇതില്‍ വകുപ്പുണ്ട്. പക്ഷെ ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പ്രതിപക്ഷത്തുള്ള മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലുള്ള എതിര്‍പ്പ് പോലെ ഒന്നല്ല സുന്ദരയ്യ 1975ല്‍ ഉയര്‍ത്തിയത്.

ആര്‍എസ്എസ് എന്ന ഫാഷിസ്റ്റ്‌ പ്രസ്ഥാനവും അതിന്‍റെ രാഷ്ട്രീയ സംഘടനയും പൊതുസമൂഹത്തിന്‍റെ അംഗീകാരം നേടാനും ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഭാവി സാധ്യതയും അതിലെ അപകടവും സുന്ദരയ്യ ദീര്‍ഘവീക്ഷണത്തോടെ കാണുന്നു. 1975 ഓഗസ്റ്റ് 22നാണ് പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത്. അതായത് 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രണ്ട് മാസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍. പാര്‍ട്ടി രാജി അംഗീകരിക്കുകയും ഇഎംഎസ് നമ്പൂതിരിപ്പാട് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയാവുകയും ചെയ്യുന്നത് 1976ല്‍.

ഗൗരവമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സുന്ദരയ്യയുടെ രാജിയും അതിന് പൊളിറ്റ് ബ്യൂറോ അംഗം എം ബസവപുന്നയ്യ അടക്കമുള്ളവര്‍ നല്‍കിയ മറുപടിക്കുറിപ്പുമെല്ലാം ശ്രദ്ധേയമാണ്. തന്റെ രാജിയുടെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പി സുന്ദരയ്യയുടെ ദീര്‍ഘമായ കത്ത് പ്രസിദ്ധീകരിച്ചത് ന്യൂഡല്‍ഹിയിലെ ഇന്ത്യ പബ്ലിഷേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്. എന്തുകൊണ്ട് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പൊളിറ്റ്ബ്യൂറോയില്‍ നിന്നും രാജി വയ്ക്കുന്നു എന്നതിന് പ്രധാനമായും 10 കാരണങ്ങളും അതിന്റെ വിശദീകരണവുമാണ് പൊളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും അംഗങ്ങള്‍ക്ക് സുന്ദരയ്യ നല്‍കിയ കത്തിലുള്ളത്. സുന്ദരയ്യ പറയുന്ന 10 കാരണങ്ങള്‍ എന്താണ് എന്ന് നോക്കാം.

പ്രിയപ്പെട്ട സഖാക്കളെ,

1. അടിയന്തരാവസ്ഥയെ നേരിടുന്നതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കും. നമ്മുടെ രാജ്യത്തേയും പുറത്തേയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ നമ്മള്‍ ഒറ്റപ്പെടും.

2. രാഷ്ട്രീയ അടവുനയം ട്രേഡ് യൂണിയന്‍, കിസാന്‍സഭ, മറ്റ് വര്‍ഗ ബഹുജന സംഘടനകള്‍ എന്നിവയില്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിലും പാര്‍ട്ടി സംഘടന പരസ്യവും രഹസ്യവുമായ തരത്തില്‍ കെട്ടിപ്പടുക്കുന്നതിലേയ്ക്ക് നയിക്കുന്നതിലും പൊളിറ്റ് ബ്യൂറോ പരാജയപ്പെട്ടിരിക്കുന്നു. പ്രായോഗിക ആവശ്യങ്ങളുടെ പേരില്‍ ഇത് മരവിപ്പിച്ച് വച്ചിരിക്കുകയാണ്.

3. ട്രേഡ് യൂണിയന്‍ വിഭാഗം പാര്‍ട്ടി സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തേയും സംസ്ഥാന ഘടകങ്ങളേയും മറികടന്ന് പ്രവര്‍ത്തിക്കുന്നു.

4. കാര്‍ഷികപ്രമേയം പല പ്രധാന പാര്‍ട്ടി യൂണിറ്റുകളും ഗൗരവമായി എടുക്കുന്നില്ല. ആവശ്യമായ കേഡര്‍മാരെ മുന്നണിയിലേയ്ക്ക് നയിക്കുന്നില്ല. കര്‍ഷക തൊഴിലാളികളുടേയും പാവപ്പെട്ട കര്‍ഷകരുടേയും ഇടത്തരം കര്‍ഷകരുടേയും ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല.

5. മുസഫര്‍പൂര്‍ പ്രമേയത്തില്‍ വിഭാവനം ചെയ്ത പോലെ ഒരു രഹസ്യ പാര്‍ട്ടി സംഘടന രൂപപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല.

6. പിബിക്ക് (പൊളിറ്റ് ബ്യൂറോ) കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നു. പിബി അംഗങ്ങളില്‍ ഭൂരിഭാഗവും അവരവരുടെ സംസ്ഥാനങ്ങളില്‍ കഴിയുമ്പോളും ആറാഴ്ച കൂടുമ്പോളോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലോ പിബി അംഗങ്ങള്‍ ഒത്തുചേര്‍ന്ന് നിലവിലെ സംഭവങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും അടിയന്തര പ്രശ്‌നങ്ങളും കണക്കിലെടുത്ത് കൂട്ടായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. 1970ലെ അസുഖത്തിന് ശേഷം സഖാവ് എംബി (എം ബസവപുന്നയ്യ) പാര്‍ട്ടി കേന്ദ്രത്തിലേയ്ക്ക് വന്നിട്ടില്ല. അദ്ദേഹം വിജയവാഡയില്‍ താമസിക്കുകയാണ്. ഉപദേശങ്ങളും അഭിപ്രായങ്ങളും നല്‍കുന്നുണ്ടെങ്കിലും പിബി അംഗം എന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാനോ അദ്ദേഹത്തിന്റെ വാദഗതികള്‍ക്കായി പോരാടാനോ ശ്രമിക്കുന്നില്ല. ബംഗാള്‍, കേരള ഘടകങ്ങളെ സംബന്ധിച്ചും ട്രേഡ് യൂണിയന്‍ സംബന്ധിച്ചും സത്യസന്ധവും ക്രിയാത്മകവുമായ ചര്‍ച്ച സാധ്യമാകുന്നില്ല. ബിടിആറും (ബിടി രണദിവെ) ഞാനും തമ്മില്‍ മിക്കപ്പോഴും പല വിഷയങ്ങളിലും കൊമ്പുകൊര്‍ക്കേണ്ടി വരുന്നു. ഈ സ്ഥിതി മെച്ചപ്പെടുന്ന യാതൊരു അവസ്ഥയുമുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ദോഷമുണ്ടാക്കുന്നതിനേക്കാള്‍ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു.

7. ഏതെങ്കിലും പ്രത്യേക സംസ്ഥാനങ്ങളോട് താല്‍പര്യമില്ലാതെ, കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പൊളിറ്റ് ബ്യൂറോയാണ് ആവശ്യം.

8. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം പാര്‍ട്ടി ഘടകങ്ങളുടേയും വിശ്വാസം നേടിയെടുക്കാന്‍ കഴിയുന്ന ആരെങ്കിലും ജനറല്‍ സെക്രട്ടറി പദവിയിലേയ്ക്ക് വരുന്നതായിരിക്കും ഉചിതം.

9. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ അടവുനയം പാര്‍ട്ടിക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. എന്റെ രാജി പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ നിന്ന് രഹസ്യമാക്കി വയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് ഞാന്‍ കരുതുന്നു. മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ നിന്ന് പിബി അഭിപ്രായം തേടുന്നുണ്ട്. തീരുമാനം എന്തായാലും അത് എല്ലാ പാര്‍ട്ടി ഘടകങ്ങളേയും അറിയിക്കണം.

10. കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ വലിയൊരു വിഭാഗവും പാര്‍ട്ടി അംഗങ്ങളിലെ മൂന്നിലൊന്നിനെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി ഘടകങ്ങളും എന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെങ്കില്‍, രാഷ്ട്രീയ അടവുനയം തീരുമാനിക്കാനും പുതിയ കേന്ദ്രകമ്മിറ്റിയേയും പിബിയേയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കാനുമായി ഒരു അടിയന്തര പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു.

വായനയ്ക്ക് – സുന്ദരയ്യയുടെ രാജിക്കത്തിന്‍റെ പൂര്‍ണരൂപം:  https://goo.gl/u6oCkT

സിപിഎം കോണ്‍ഗ്രസ്സുമായി കൂടില്ല എന്ന ‘മഹാപരാധ’വും എകെ ആന്റണിയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on January 23, 2018 10:08 am