X

എന്തുകൊണ്ട് ഇത്തവണ ഇഫ്താർ വിരുന്നില്ല? രാഷ്ട്രപതി ഭവന്റെ വിശദീകരണം

പരമ്പരാഗതമായി രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചു വരാറുണ്ട്.

രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്നും മറ്റ് മതപരമായ ആഘോഷങ്ങളും വേണ്ടെന്ന തീരുമാനം രാം നാഥ് കോവിന്ദ് ചുമതലയേറ്റെടുത്ത സന്ദർഭത്തിൽ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് രാഷ്ട്രപതിയുടെ പ്രസ്സ് സെക്രട്ടറി അശോക് മാലിക് പറയുന്നത്. പൊതുകെട്ടിടങ്ങളിൽ പൊതുമുതൽ ഉപയോഗിച്ചുള്ള യാതൊരു മതാചാരങ്ങളും ആഘോഷങ്ങളും വേണ്ട എന്നാണ് തീരുമാനം.

പരമ്പരാഗതമായി രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചു വരാറുണ്ട്. 2002-2007 കാലത്ത് എപിജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന കാലത്താണ് ഇതിന് വിരുദ്ധമായ തീരുമാനം ആദ്യമായി വന്നത്.

കെആർ നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ രാഷ്ട്രപതി ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. ഓണസ്സദ്യയാണ് അന്ന് എല്ലാവർക്കും നൽകിയത്. ഉത്തരേന്ത്യൻ നേതാക്കൾ പലരും ഓണസ്സദ്യ ഇഷ്ടപ്പെടാതെ കഴിക്കാതിരുന്നത് വാർത്തയായിരുന്നു.

മതേതരത്വം പുലരുന്ന ഇന്ത്യയിൽ എല്ലാ മതങ്ങള്‍ക്കും ഒരേ പരിഗണന നൽകണമെന്ന സിദ്ധാന്തത്തിൽ അടിയുറച്ച നിലപാടാണിതെന്ന് പ്രസ്സ് സെക്രട്ടറി പറഞ്ഞു. അതെസമയം, എല്ലാ മതപരമായ ആഘോഷങ്ങളിലും ജനങ്ങൾക്ക് ആശംസകൾ നേരാൻ രാഷ്ട്രപതി തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.

കലാമിനു ശേഷം വന്ന പ്രതിഭാ പാട്ടീലും പ്രണബ് മുഖർജിയും രാഷ്ട്രപതി ഭവനിൽ ഇഫ്താർ സംഘടിപ്പിക്കുന്ന പാരമ്പര്യം തുടർന്നിരുന്നു. കോവിന്ദ് ചുമതലയേറ്റ ശേഷം ക്രിസ്തുമസ്, ഹോളി ആഘോഷങ്ങളും നടന്നിരുന്നില്ല. ക്രിസ്തുമസ്സിന് കരോള്‍ ആലപിക്കുന്ന പതിവും മുടങ്ങി.