X

വിവാദ മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് ഇനി മൂന്ന് വര്‍ഷം തടവുശിക്ഷ

മിക്ക പ്രതിപക്ഷ പാര്‍ട്ടികളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബില്ലിനെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎ സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ സഹായകമായി.

വിവാദ മുത്തലാഖ് ബില്ലിന് (Muslim Women (protection of rights of marriage) bill) രാഷ്ട്രപതിയുടെ അംഗീകാരം. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബില്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. മൂന്ന് തലാഖ് ചൊല്ലി ഏകപക്ഷീയമായി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയത്. രാജ്യസഭ ബില്‍ പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് പ്രസിഡന്റ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ ഇത് നിയമമാണ് പ്രാബല്യത്തില്‍ വരുകയാണ്.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണ് എന്ന് 2017ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരാന്‍ നടപടി തുടങ്ങിയത്. അതേസമയം മുസ്ലീങ്ങള്‍ക്ക് മാത്രം ബാധകമായ നിയമം മറ്റ് മതങ്ങളിലെ ഏകപക്ഷീയ വിവാഹമോചനങ്ങളെ കാണുന്നില്ല എന്ന വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. സിവില്‍ നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയം ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലെ ഭരണഘടനാ വിരുദ്ധത പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും അടക്കമുള്ള ചുരുക്കം ചില പാര്‍ട്ടികള്‍ മാത്രമാണ് ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. രാജ്യസഭയില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബില്ലിനെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് സഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎ സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ സഹായകമായി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ബില്‍ പാസായത്. മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ഏകപക്ഷീയവും ദുരുദ്ദേശപരവുമായ ബില്ലാണ് മോദി സര്‍ക്കാരിന്റേത് എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.

ALSO READ:‘കൊല്ലാന്‍ വന്നത് നൗഷാദിനെ തന്നെ, കൂടെയുള്ളവരോട് ഓടിക്കോളാന്‍ ആക്രോശിച്ചു’

 

This post was last modified on August 1, 2019 8:15 am