X

പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആവശ്യത്തിന് സമയമുണ്ട്: തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ

ഫലങ്ങൾ പ്രഖ്യാപിക്കാനുള്ള അവസാനദിനം ജൂൺ 3 ആയിരിക്കുമെന്നാണ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാൻ വൈകുന്നുണ്ടോയെന്ന സംശയം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കവെ ഇതിന് ആവശ്യത്തിന് സമയം ഇനിയുമുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. തങ്ങൾ തങ്ങളുടെ സമയത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ സമയത്തിനനുസരിച്ചല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2014 തെരഞ്ഞെടുപ്പിന് മാർച്ച് അഞ്ചാം തിയ്യതി തന്നെ വിജ്ഞാപനം വന്നിരുന്നു. ഏപ്രിൽ ഏഴ് മുതൽ മെയ് 12 വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തു വന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരികയാണ്. നിരവധി വികസന പദ്ധതികളാണ് മോദി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം ചെയ്യലുകൾക്ക് കാരണമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ മോദിയുടെ വികസന-ക്ഷേമ പ്രഖ്യാപനങ്ങൾ നടക്കില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ രീതിയിൽ മുമ്പും പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിൽ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണങ്ങൾ കഴിയും വരെ കാത്തു നിന്നാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതെന്ന് അന്ന് പരക്കെ ആരോപണമുയർന്നിരുന്നു. മോദിയുടെ യാത്രാപദ്ധതികൾ കഴിയാനായി കാത്തിരിക്കുകയാണോ തെര‍ഞ്ഞെടുപ്പു കമ്മീഷനെന്ന് കോൺഗ്രസ്സ് നേതാവ് അഹ്മദ് പട്ടേൽ ചോദ്യമുന്നയിക്കുകയുണ്ടായി.

ഇത്തവണ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിക്കാനുള്ള അവസാനദിനം ജൂൺ 3 ആയിരിക്കുമെന്നാണ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം. കഴിഞ്ഞ തവണ ഇത് മെയ് 31 ആയിരുന്നു. ഒരു മാസത്തിന്റെ വ്യത്യാസം ഇക്കാര്യത്തിലുണ്ട്. ഇതാണ് തിയ്യതി പ്രഖ്യാപിക്കുന്നത് വൈകാൻ കാരണം.

This post was last modified on March 7, 2019 9:54 am

Related Post
Leave a Comment