X

ജനാധിപത്യത്തെ അവഹേളിച്ച ഗവര്‍ണര്‍ക്ക് സുപ്രീം കോടതി കൂട്ടുനില്‍ക്കുമോ? നാളെ അറിയാം

സത്യപ്രതിജ്ഞ സ്റ്റേ ചെയ്തില്ലെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം എന്തിനാണ് എന്ന ചോദ്യം കുതിരക്കച്ചടത്തിനുള്ള സാധ്യത സുപ്രീം കോടതി അടയ്ക്കും എന്ന പ്രതീക്ഷയാണ് നല്‍കുന്നത്

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഗവർണർ വജുഭായി വാലക്കു സ്വന്തം രാഷ്ട്രീയ കൂറ് ഒളിച്ചുവെക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ 117 സാമാജികരുടെ പിന്തുണ അവകാശപ്പെട്ടു രംഗത്ത് വന്ന എച്ച് ഡി കുമാര സ്വാമിയെ തഴഞ്ഞു 104 പേരുടെ മാത്രം പിന്തുണയുള്ള ബി എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം ക്ഷണിച്ചു.

ഭരിക്കാൻ പോന്ന ഭൂരിപക്ഷമില്ലാത്ത ഒരു പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുക വഴി കർണാടകത്തിൽ കുതിരക്കച്ചവടം നടത്താനുള്ള അനുമതിയാണ് ഗവർണർ യെദിയൂരപ്പക്കും ബി ജെ പിക്കും നൽകിയിരിക്കുന്നത് എന്നത് തികച്ചും വ്യക്തം. ഇനിയിപ്പോൾ വേണമെങ്കിൽ 2008 ൽ കർണാടകത്തിൽ തന്നെ എതിർചേരിയിൽ നിന്നുള്ള എം എൽ എ മാരെ ചാക്കിട്ടു പിടിച്ചു സർക്കാർ രുപീകരിച്ച ‘ഓപ്പറേഷൻ കമല’ ഒരിക്കൽ കൂടി യെദിയൂരപ്പക്കും അയാളുടെ പാർട്ടിക്കും പരീക്ഷിക്കാം. അല്ലെങ്കിൽ കോൺഗ്രസിന്റെയും ജെ ഡി എസ്സിന്റെയും കുറച്ചു എം എൽ എമാർ വിശ്വാസ വോട്ടെടുപ്പ് വേളയിൽ സഭയിൽ എത്താതിരിക്കാനുള്ള തന്ത്രം പയറ്റാം. രണ്ടായാലും മുൻ ആർ എസ് എസ്സുകാരൻ ആയ ഒരു ഗവർണറുടെ സഹായത്തോടെ ബി ജെ പി ജനാധിപത്യത്തെ വീണ്ടും അവഹേളിക്കാൻ ഒരുങ്ങുകയാണ് എന്ന കാര്യത്തിൽ തർക്കമില്ല.

തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചു ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പി തന്നെയാണ്. മൊത്തം 224 സീറ്റുള്ള കർണാടക നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റിൽ 104ഉം നേടിയത് ബി ജെ പി തന്നെ. കോൺഗ്രസിന് 78ഉം ജെ ഡി എസ്സിന് 38ഉം സീറ്റു മാത്രമാണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായ യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നതായിരുന്നു ബി ജെ പിയുടെ വാദം. ആ വാദം തന്നെയാണ് ഒടുവിൽ ഗവർണർ അംഗീകരിച്ചതും. എന്നാൽ അടുത്ത കാലത്തു ഗോവയിലും മണിപ്പൂരിലും മേഘാലയിലുമൊന്നും നടന്നത് ഇതായിരുന്നില്ല. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന പരിഗണനയൊന്നും അവിടെ കണ്ടില്ല. തിരഞ്ഞെടുപ്പിന് മുൻപുള്ള ധാരണയല്ല തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാവുന്ന ധാരണക്കാണ്‌ മുൻ‌തൂക്കം നല്കേണ്ടതെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇതിനെ അന്ന് ന്യായീകരിച്ചത്.

അധാര്‍മ്മികതയ്ക്ക് മറുപടി അധാര്‍മ്മികതയാകരുത്; കര്‍ണ്ണാടകയില്‍ തോല്‍ക്കുന്നത് ജനാധിപത്യം

മുഖ്യമന്ത്രിയെ നിയമിക്കാനുള്ള തന്നിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ അധികാരം മാത്രമാണ് ഗവർണർ നിറവേറ്റിയത് എന്ന് വേണമെങ്കിൽ വാദിക്കാം. ഈ വാദത്തെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് സുപ്രീം കോടതി യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യാതിരുന്നതും. എന്നാൽ തനിക്കു താല്പര്യവും കടപ്പാടുമൊക്കെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കു നിന്നുകൊടുക്കുക വഴി വലിയൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കളമൊരുക്കുക മാത്രമല്ല നിയമവിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നതുപോലെ ജനാധിപത്യത്തെ അവഹേളിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.

സത്യപ്രതിജ്ഞ സ്റ്റേ ചെയ്തില്ലെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം എന്തിനാണ് എന്ന ചോദ്യം കുതിരക്കച്ചടത്തിനുള്ള സാധ്യത സുപ്രീം കോടതി അടയ്ക്കും എന്ന പ്രതീക്ഷയാണ് നല്‍കുന്നത്. എങ്കിലും സമീപകാല സംഭവങ്ങൾ പരിശോധിച്ചാൽ ഈ ചുരുങ്ങിയ സമയം പോലും ബി ജെ പിക്കു ധാരാളാണെന്നു തോന്നിയേക്കാം. എന്നാൽ കാര്യങ്ങൾ ആ വഴിക്കല്ല പൂർണമായും നീങ്ങുന്നതെന്ന സൂചനയും ലഭിക്കുന്നുണ്ട്. അങ്ങിനെയാണ് സംഭവിക്കുന്നതെങ്കിൽ വളരെ നല്ലത്.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

നാഗ്പൂരില്‍ നിന്നും ചോറുണ്ടാല്‍ വിചാരധാര ഭരണഘടനയാകില്ല; കര്‍ണ്ണാടക ഗവര്‍ണറോടാണ്

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on May 17, 2018 2:12 pm