X

സുതാര്യതയില്ല; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സുപ്രീം കോടതി സമിതിയുടെ മുന്‍പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി

ഈ സമിതി എന്നോടു നീതി കാണിക്കുമെന്നും എന്റെ സാഹചര്യങ്ങളെ കണക്കിലെടുക്കുമെന്നും ഞാന്‍ കരുതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച മുന്‍ സുപ്രീംകോടതി ഉദ്യോഗസ്ഥ ആഭ്യന്തര സമിതിയുടെ നടപടികളില്‍ നിന്നും പിന്‍മാറി. ജസ്റ്റിസ് എസ് ഇ ബോബ്ഡെ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ സുപ്രീം കോടതിയുടെ ആഭ്യന്തര സമിതിയുടെ നടപടി ക്രമങ്ങളില്‍ നിന്നാണ് പരാതിക്കാരി പിന്മാറിയത്. ഒരു പത്ര കുറിപ്പിലൂടെയാണ് ഈ കാര്യം അവര്‍ പുറത്തുവിട്ടത്. സമിതിക്ക് സുതാര്യതയില്ലെന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും ആയതിനാല്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു.

“ഇന്ന് (30 ഏപ്രില്‍ 2019) മൂന്ന് സുപ്രീം കോടതി ന്യായാധിപര്‍ അംഗങ്ങളായ സമിതിയുടെ മൂന്നാമത്തെ യോഗമാണ്. എന്നാല്‍ ഗൌരവതരമായ ചില കാരണങ്ങള്‍ കൊണ്ട് ഈ സമിതിയുടെ നടപടി ക്രമങ്ങളില്‍ പങ്കാളിയാകേണ്ടതില്ല എന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു.” പരാതിക്കാരി പത്ര പ്രസ്താവനയില്‍ അറിയിച്ചു.

“ഏപ്രില്‍ 26, 29 തീയതികളില്‍ നടന്ന സമിതി യോഗങ്ങളില്‍ ഏറെ വിശ്വാസത്തോടെയാണ് ഞാന്‍ പങ്കെടുത്തത്. ഈ സമിതി എന്നോടു നീതി കാണിക്കുമെന്നും എന്റെ സാഹചര്യങ്ങളെ കണക്കിലെടുക്കുമെന്നും ഞാന്‍ കരുതി. പുറത്തുനിന്നുള്ള ന്യായാധിപര്‍ ഉള്‍പ്പെട്ട സമിതി വേണമെന്ന എന്റെ ആവശ്യം തള്ളിക്കളഞ്ഞു പകരം രൂപീകരിച്ചത് ചീഫ് ജസ്റ്റിസിന്റെ ജൂനിയര്‍ ആയ ന്യായാധിപര്‍ അടങ്ങിയ സമിതി ആയിരുന്നിട്ടും വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ നടപടി ക്രമങ്ങളില്‍ പങ്കെടുത്തത്.” അവര്‍ പറഞ്ഞു.

“സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ ഇത് വിശാഖ ഗൈഡ് ലൈന്‍സ് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സമിതി അല്ലെന്ന് സമിതി അംഗങ്ങളായ ന്യായാധിപര്‍ പറഞ്ഞു. ഒരു അഭിഭാഷകന്റെ പിന്തുണയില്ലാതെയാണ് താന്‍ എന്റെ ഭാഗം ന്യായാധിപരുടെ മുന്‍പാകെ അവതരിപ്പിച്ചത്. മാനസിക സമ്മര്‍ദം കാരണം എന്റെ ഒരു ചെവിയുടെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നും അതിനുള്ള ചികിത്സയിലാണ് താനെന്നും സമിതി മുന്‍പാകെ ഞാന്‍ അറിയിച്ചിരുന്നു. കേള്‍വിക്കുറവ് ഉള്ളതുകൊണ്ടുതന്നെ ജസ്റ്റിസ് ബോബ്ഡെ കോടതി ഉദ്യോഗസ്ഥരോട് എന്റെ പ്രസ്താവനയായി പറഞ്ഞത് എന്താണ് എന്നു എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സമിതിയുടെ നടപടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണം എന്ന എന്റെ ആവശ്യവും സമിതി തള്ളിക്കളയുകയായിരുന്നു.” അവര്‍ വിശദീകരിച്ചു.

സമിതിക്ക് മുന്‍പാകെ ഹാജരാകുന്നതിന് തനിക്ക് സഹായിയെയോ അഭിഭാഷകനെയോ അനുവദിച്ചില്ല, സമിതി നടപടി ക്രമങ്ങള്‍ വീഡിയോ/ഓഡിയോ റെക്കോര്‍ഡിംഗ് നടത്തിയില്ല, ഏപ്രില്‍ 26, 29 തീയതികളില്‍ നടത്തിയ യോഗത്തില്‍ രേഖപ്പെടുത്തിയ തന്റെ പ്രസ്താവനകള്‍ തന്നില്ല എന്നീ കാരണങ്ങള്‍ ഉയര്‍ത്തിയാണ് സമിതി നടപടി ക്രമങ്ങളില്‍ നിന്നും പിന്‍മാറുന്നതായി പരാതിക്കാരി അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി എത്തിയത്. 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഇതേ തുടര്‍ന്ന് സുപ്രീം കോടതി അസാധാരണ സിറ്റിംഗ് നടത്തുകയായിരുന്നു.

ഏപ്രില്‍ 23നു പരാതി പരിശോധിക്കാന്‍ ജഡ്ജിമാരുടെ മുന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതില്‍ ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരായിരുന്നു അംഗങ്ങള്‍. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റീസിന്റെ അടുത്ത സുഹൃത്താണ് എന്നു പരാതിക്കാരി ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് പകരം ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തുകയായിരുന്നു.

ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞു പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊയോയ്ക്കെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിന്‍സ് സമർപ്പിച്ച ഹർ‌ജി പരിഗണിച്ചായിരുന്നു കോടതി ഗൂഡാലോചന സംബന്ധിച്ച് ഉത്തരവിട്ടത്. ഉത്സവ് സിങ് ബെയിന്റെ ആരോപണം. കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി നേരത്തെ ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.

എന്നാൽ, ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണത്തെ ഗൂഢാലോചന ആരോപണത്തിലെ അന്വേഷണം ബാധിക്കില്ലെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു.

This post was last modified on May 1, 2019 5:46 am