X

അര്‍ദ്ധരാത്രിയായാലും വിശ്വാസ വോട്ട് നടത്തണമെന്ന് യെദിയൂരപ്പ, കാന്റീന്‍ അടച്ചു എന്ന് സ്പീക്കര്‍ രമേഷ് കുമാര്‍

കൂടുതല്‍ എംഎല്‍എമാര്‍ക്ക് സംസാരിക്കാനുണ്ടെന്നും സാഹചര്യങ്ങല്‍ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെട്ടു.

മുഖ്യമന്ത്രി കുമാരസ്വാമി രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നും അര്‍ദ്ധരാത്രി വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെദിയൂരപ്പ പറഞ്ഞു. അതേസമയം തനിക്ക് തിടുക്കമില്ല, രാവിലെ വരെ വേണമെങ്കില്‍ സഭയിലിരിക്കാന്‍ തയ്യാറാണ് എന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ വിശ്വാസ വോട്ട് ഇനിയും വൈകിയാല്‍ താന്‍ രാജി വയ്ക്കുമെന്നും സ്പീക്കര്‍ പിന്നീട് ഭീഷണി മുഴക്കി. സ്പീക്കറുമായി അദ്ദേഹത്തിന്റെ ചേംബറില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അടക്കമുള്ള ഭരണപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ എംഎല്‍എമാര്‍ക്ക് സംസാരിക്കാനുണ്ടെന്നും സാഹചര്യങ്ങല്‍ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെട്ടു. വിശ്വാസ വോട്ടിന് ഒരു ദിവസത്തെ സമയം കൂടി നല്‍കണം എന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. രാത്രി ഒരു മണി വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നും അത്താഴം കഴിക്കാന്‍ സമയം വേണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. അതേസമയം കാന്റീന്‍ അടച്ചെന്നും പച്ചക്കറിയൊന്നുമില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. നാളെ വരെ സഭ നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെജെ ജോര്‍ജ് ആവശ്യപ്പെട്ടു.

This post was last modified on July 22, 2019 11:52 pm