X

ജഗന്മോഹൻ റെഡ്ഢിക്ക് കുത്തേറ്റു; അക്രമി എത്തിയത് സെൽഫിയെടുക്കാനെന്ന വ്യാജേന

ജഗന്മോഹൻ റെഡ്ഢിക്കൊപ്പം സെൽഫിയെടുക്കാനെന്ന വ്യാജേന എത്തിയയാളാണ് അക്രമം നടത്തിയത്.

വൈഎസ്ആർ‌ കോൺഗ്രസ്സ് നേതാവ് ജഗന്മോഹൻ റെഡ്ഢിയെ കൊലപ്പെടുത്താൻ ശ്രമം. വിശാഖപട്ടണം എയർപോർട്ടിൽ നിന്നും പുറത്തുവരികെ കുത്തേൽക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ജഗന്മോഹൻ റെഡ്ഢിക്കൊപ്പം സെൽഫിയെടുക്കാനെന്ന വ്യാജേന എത്തിയയാളാണ് അക്രമം നടത്തിയത്. റെഡ്ഢിയുടെ ഇടത് കൈത്തണ്ടയിലും ചുമലിലും കുത്ത് കൊണ്ടിട്ടുണ്ട്. അക്രമി പൊലീസ് പിടിയിലായിട്ടുണ്ടെങ്കിലും ഇയാൾ ആരാണെന്ന കാര്യത്തിൽ‌ വ്യക്തത വന്നിട്ടില്ല. ശ്രീനിവാസ് എന്ന അമലാപുരം സ്വദേശിയാണ് കുത്തിയതെന്ന് വൈഎസ്ആർ കോൺഗ്രസ്സ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. റെഡ്ഢിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ സംഭവം വൈഎസ്ആർ കോൺഗ്രസ്സ് നേതാവിന് നൽകിയ സുരക്ഷയിൽ സംശയങ്ങൾ ഉയർത്തുകയാണ്. വലിയൊരു സുരക്ഷാ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എയർപോർട്ടുകളുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെതിരെയാണ് കൂടുതൽ വിമർശനമുയരുന്നത്. കത്തിയുമായി അക്രമിക്ക് എങ്ങനെ എയർപോർട്ട് പരിസരത്തെത്താൻ കഴിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്.

ആക്രമണത്തെ അപലപിച്ച് ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുൽ‌ മുസ്ലിമീൻ പാർട്ടി രംഗത്തെത്തി. സിവിൽ ഏവിയേഷൻ ചുമതലയുള്ള കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ ടാഗ് ചെയ്ത് പാർട്ടിയുടെ തലവൻ അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു. എങ്ങനെയാണ് അക്രമി കത്തിയുമായി വിമാനത്താവളത്തിനകത്ത് കടന്നതെന്ന് അദ്ദേഹം ചോദിച്ചു. സെൽഫി എന്ന പുത്തവൻ പ്രതിഭാസത്തിൽ രാഷ്ട്രീയക്കാർ വീണുപോകുന്നതിനെയും അദ്ദേഹം വിമർശിച്ചു.

വൈഎസ്ആർ കോണ്‍ഗ്രസ്സിന്റെ പ്രതികരണം

വൻ സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിന് വഴിയൊരുക്കിയതെന്ന് വൈഎസ്ആർ കോൺഗ്രസ്സ് പ്രതികരിച്ചു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് ആക്രമണമുണ്ടായത്. ശ്രീനിവാസ് എന്നയാൾ സെൽഫിയെടുക്കണം എന്നാവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. സെൽഫിയെടുത്തതിനു ശേഷം ശ്രീനിവാസ് ആക്രമണം നടത്തി. ജഗന്മോഹൻ റെഡ്ഢിയുടെ ചുമലിൽ കൊഴിപ്പോരിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്.

തെലുഗുദേശം പാർട്ടി നേതാവിന്റെ എയർപോർട്ട് കാന്റീൻ ജീവനക്കാരൻ

വൈഎസ് ജഗന്മോഹൻ റെഡ്ഢിയെ കുത്തിയ ശ്രീനിവാസ് എന്ന അമലപുരം സ്വദേശി എയർപോർട്ട് കാന്റീൻ ജീവനക്കാരനാണെന്ന് വൈഎസ്ആർ കോൺഗ്രസ്സ് ആരോപിക്കുന്നു. ഈ കാന്റീൻ നടത്തുന്നത് തെലുഗുദേശം പാർ‌ട്ടി നേതാവ് ഹർഷ വർധൻ ആണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും വൈഎസ്ആർസിപി ആരോപിക്കുന്നു.

This post was last modified on October 25, 2018 3:50 pm